ആലപ്പുഴ: നിയമസഭയുടെ കാലാവധി തീരാൻ നാലുമാസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ഇലക്ഷൻ കമ്മിഷന്റെ തീരുമാനം യുക്തിക്ക് നിരക്കുന്നതല്ലെന്ന് ജനാഭിപ്രായം.
കൊവിഡ് ദുരിതത്തിൽ നട്ടം തിരിയുകയാണ് സംസ്ഥാനം. പ്രതിരോധ ചുമതല ഏല്പിച്ചിട്ടുള്ള പൊലീസാണ് ഉപതിരഞ്ഞെടുപ്പിൽ കാവലാളാവേണ്ടത്. റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങി സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ പ്രത്യക്ഷത്തിലോ, പരോക്ഷമായോ കൊവിഡ് പ്രതിരോധ ഡ്യൂട്ടികളിലാണ്. ഉപതിരഞ്ഞെടുപ്പ് എത്തുമ്പോൾ കുറഞ്ഞത് രണ്ട് മണ്ഡലത്തിലെ മേൽപ്പറഞ്ഞ വിഭാഗം ജീവനക്കാർക്ക് ആ ഡ്യൂട്ടിക്കും പോകേണ്ടിവരും.
ഇതുവരെ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുള്ള വിവരങ്ങൾ പ്രകാരം ഒക്ടോബറിൽ രോഗവ്യാപനത്തിന്റെ തീവ്രത കൂടുമെന്നാണ് സൂചന. എന്തുണ്ടായാലും തിരഞ്ഞെടുപ്പെന്ന് കേട്ടാൽ ആവേശം കൊള്ളുന്നവരാണ് കേരളീയർ. സമ്പർക്ക വ്യാപനം തടയാൻ പെടാപ്പാട് പെടുമ്പോഴാണ് ആൾക്കൂട്ടങ്ങൾക്ക് വഴിയൊരുക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് കളമൊരുക്കുന്നത്. 'കേരളകൗമുദി' ഇതേക്കുറിച്ച് ഇന്നലെ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. നിരവധി പേരാണ് ഇക്കാര്യത്തിൽ പ്രതികരിക്കാൻ രംഗത്തെത്തിയത്.
................................
ജോലിയും വരുമാനവും ഇല്ലാതെ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ നികുതിപ്പണത്തിൽ നിന്നു 20 കോടി മുടക്കി ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് തികച്ചും അന്യായമായ കാര്യമാണ്. ജനങ്ങൾക്ക് ഇപ്പോൾ ആവശ്യം ജനാധിപത്യം സംരക്ഷിക്കൽ മാത്രമല്ല, ആരോഗ്യം സംരക്ഷിക്കൽ കൂടിയാണ്. ഈ പണം ആരോഗ്യ മേഖലയ്ക്ക് പ്രയോജനപ്പെടുത്തണം. തിരഞ്ഞെടുപ്പ് കമ്മിഷനും സർക്കാരും ഇക്കാര്യത്തിൽ ഒരു പുനർചിന്തനം നടത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്
നിസാർ വെള്ളാപ്പള്ളി (സാമൂഹ്യ പ്രവർത്തകൻ)
...........................
കൊവിഡ് കാരണം ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഉപതിരഞ്ഞെടുപ്പ് സമയത്ത് സാമൂഹിക അകലം പാലിക്കൽ പ്രഹസനമാകും.പ്രായമായവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും.കൊവിഡ് പശ്ചാത്തലത്തിൽ ബൂത്തുകളിൽ ക്യൂ നിൽക്കുന്നത് രോഗ വ്യാപനത്തിനിടയാക്കും.പ്രവർത്തകർ കൂട്ടമായി വീടുകൾ സന്ദർശിക്കുന്ന സാഹചര്യവും ഉണ്ടാകും. സർക്കാർ വകുപ്പുകൾ എല്ലാം അധിക ജോലി മൂലം തളർന്നു പണിയെടുക്കുകയാണ്. കേവലം 5 മാസത്തെ ഒഴിവിലേക്ക് ഒരു തിരഞ്ഞെടുപ്പ് വേണോ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പുനർചിന്തനം നടത്തണം
വി.എസ്.സാബു (സാമൂഹ്യ പ്രവർത്തകൻ)
...........................................
രാഷ്ട്ര പുനർനിർമാണത്തിൽ നിയമനിർമ്മാണ സഭകൾക്കുള്ള പ്രാധാന്യം ഏറെയാണ്. എന്നാൽ നാലോ അഞ്ചോ മാസം മാത്രം കാലാവധിയുള്ള സാമജികരെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പ് തീരുമാനം തികച്ചും അപ്രസക്തമാണ്. കൊവിഡ് നിയന്ത്രണങ്ങൽ കാറ്റിൽ പറത്തികൊണ്ട് ഖജനാവിലെ സമ്പത്ത് ധൂർത്തടിച്ചുള്ള രാഷ്ട്രീയ മാമാങ്കം മാത്രമാണ് നടക്കാൻ പോകുന്നത്. പ്രായോഗിക ബുദ്ധിയോടെയുമുള്ള ഒരു തിരുത്തൽ തീരുമാനം ഇലക്ഷൻ കമ്മിഷനിൽ നിന്നു പ്രതീക്ഷിക്കുന്നു.
ആർ.ഹരീഷ്ബാബു (ചെയർമാൻ, രത്നൻസാർ ഫൗണ്ടേഷൻ)
...................................
കൊവിഡ് നിറഞ്ഞു നിൽക്കവേ, കോടികൾ ചെലവഴിച്ച് ആറ് മാസത്തേക്കു വേണ്ടി രണ്ടു സാമാജികരെ തിരഞ്ഞെടുക്കാൻ നടത്തുന്ന ഉപതിരഞ്ഞെടുപ്പ് നാടിന് ഗുണം ചെയ്യില്ല. തിരഞ്ഞെടുപ്പിന് ചിലവഴിക്കാൻ ഉദ്ദേശിക്കുന്ന കോടികൾ കേരളത്തിലെ ജനങ്ങൾക്ക് കൊവിഡ് ടെസ്റ്റ് നടത്തുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ ചികിത്സയും കൂടുതൽ കരുതലും നൽകി ഈ കൊവിഡിനെ തുരത്താൻ കഴിയും. ഇതാണ് സാധാരണ ജനം ആഗ്രഹിക്കുന്നത്.
ഡോ.ബിജു ജോസഫ്, പ്രസിഡന്റ്, പീസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ
...................................
കൊവിഡ് കാരണം ജനം പൊറുതിമുട്ടി നിൽക്കുകയാണ്. സാമ്പത്തികമായും സാമൂഹികമായും മാനസികമായും ജനം ഏറെ ക്ലോശപ്പെടുന്ന സമയം. ഈ അവസരത്തിൽ ആദ്ധ്യാത്മികമായ ഉണർവ്വ് നൽകുന്ന പ്രവൃത്തികളാണ് ഉണ്ടാകേണ്ടത്. ഉപതിരഞ്ഞെടുപ്പ് പോലെയുള്ള ഭൗതിക കാര്യങ്ങൾ ജനത്തെ സഹായിക്കുകയല്ല, കഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഖജനാവ് ചോർത്തുന്ന ഒരു പാഴ് വേലയാണിത്.
അനിൽ കെ.ശിവരാജ്, ജനറൽ സെക്രട്ടറി,
ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമം, ചെട്ടികുളങ്ങര
.......................
നിലവിൽ ഒരു ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണ്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചു തിരഞ്ഞെടുപ്പു നടത്താൻ വിഷമമുണ്ട് എന്നതല്ല പ്രശ്നം. അത് എങ്ങനെയും നടത്താൻ കഴിയും. തിരെഞ്ഞെടുക്കപ്പെടുന്നവർക്ക് 6 മാസം പോലും പ്രവർത്തിക്കാൻ കഴിയില്ല. ചുരുക്കത്തിൽ ആർക്കും വേണ്ടാത്ത, എല്ലാവരെയും ഉപദ്രവിക്കുന്ന ഒരു പ്രഹസനമായി മാത്രമേ ഇതിനെ കണക്കാക്കാൻ കഴിയു. തിരഞ്ഞെടുപ്പു കമ്മിഷൻ വിവേകം കാണിക്കുമെന്ന് പ്രതീക്ഷിക്കാം
സി.എൻ.എൻ. നമ്പി, സെക്രട്ടറി,കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ, ഹരിപ്പാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |