ഒറ്റപ്പാലം: കൊവിഡ് ലോകത്താകമാനമുള്ള മനുഷ്യരിലേക്ക് പലതരത്തിലാണ് കടന്നുവന്നത്. ചിലർ രോഗബാധയാൽ ബുദ്ധിമുട്ടി, മറ്റു ചിലർക്ക് ജോലിനഷ്ടമായി...എന്നാൽ, ഈ പ്രതിസന്ധികൾക്കിടെയും ജീവിക്കാനുള്ള ഊർജം രുചിയോടെ പകർന്നുനൽകുകയാണ് വാണിയംകുളം പനയൂരിലെ സഹോദരങ്ങൾ. പനയൂർ ആച്ചത്ത് പ്രശാന്തും സഹോദരൻ പ്രവീണുമാണ് സഞ്ചരിക്കുന്ന റെസ്റ്റോറന്റുമായി പുതു ജീവിതവഴികൾ തേടുന്നത്.
ലോക്ക് ഡൗണായതോടെ കൊച്ചിയിലെ കാറ്ററിംഗ് ബിസിനസ് നഷ്ടത്തിലായി. കാറ്ററിംഗ് ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന വാഹനങ്ങളുടെ ഓട്ടവും നിലച്ചു. ഇതോടെ ഇരുവരും നാട്ടിലേക്ക് മടങ്ങി. തുടർന്നാണ് സഞ്ചരിക്കുന്ന റസ്റ്റോറന്റ് എന്ന ആശയം ഉണ്ടായത്. രുചികരമായ ഭക്ഷണമൊരുക്കാനുള്ള പാചക കലയിലെ വൈദഗ്ദ്യവും കൂടി ഒത്തുചേർന്നപ്പോൾ ഇതുതന്നെയാണ് ജീവിതമാർഗമെന്ന് നിശ്ചയിച്ചു. 'റപ്പായീസ് റസ്‌റ്റോറന്റ്' എന്ന പേരിലൊരു ഫുഡ് ട്രക്കും ഒരുക്കി. വാഹനത്തിന്റെ ഒരുവശം മുഴുവനും തുറക്കാവുന്ന തരത്തിലുള്ള വാതിലും, അതിൽ ഓരോ ഇനങ്ങൾ വെക്കാനുള്ള തട്ടുകളും ലൈറ്റും മറ്റും സൗകര്യവുമുണ്ട്. ഏകദേശം ഒരുലക്ഷം രൂപ ഫുഡ് ട്രക്കിന് ചെലവായി.
ചിക്കൻ, മട്ടൻ, ബീഫ്, കപ്പ ബോട്ടി തുടങ്ങിയ 17 ഇനങ്ങളും ബിരിയാണി, ദോശ, പൊറോട്ട, ചാപ്പാത്തി, അപ്പം, ചായ, കാപ്പി, പലഹാരങ്ങളും റസ്റ്റോറന്റിൽ ലഭ്യമാണ്. പരിക്ഷണാടിസ്ഥാനത്തിലാണ് കുളപ്പുള്ളി - പാലക്കാട് സംസ്ഥാന പാതയിൽ വാണിയംകുളം പഞ്ചായത്തിന് സമീപം റപ്പായീസ് റസ്റ്റോറന്റ് തുടങ്ങിയിരിക്കുന്നത്. വൈകീട്ട് മൂന്നുമുതൽ ഒമ്പതുവരെയാണ് പ്രവർത്തനം. ആദ്യദിനത്തിൽ തന്നെ ജനങ്ങൾ ഞങ്ങളുടെ സംരംഭത്തെ സ്വീകരിച്ചതായും കുറഞ്ഞ ചെലവിൽ കൂടുതൽ ഭക്ഷണം കഴിക്കാനാവുമെന്നാണ് പ്രത്യേകതയെന്ന് പ്രവീണും പ്രശാന്തും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |