ഒരിക്കൽ നദിക്കരയിൽ ഇരുന്ന് മീൻ പിടിക്കുന്ന ചൂണ്ടക്കാരനോട് ഒരു കുട്ടി ചോദിച്ചു ''എനിക്ക് വിശക്കുന്നു , ഒരു മീൻ തരുമോ ഭക്ഷിക്കാൻ?". അയാളുടെ മറുപടി ഇങ്ങനെയായിരുന്നു, ''ഞാൻ മീൻ തരില്ല. പക്ഷേ മീൻ പിടിക്കാൻ പഠിപ്പിക്കാം. ഒരിക്കൽ മീൻപിടിക്കാൻ പഠിച്ചാൽ പിന്നീടൊരിക്കലും നിനക്ക് വിശക്കില്ല." മാനവവിഭവശേഷി വികസനത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കഥ.
മാനവവിഭവശേഷി വികസനം ബൃഹത്തായ പദ്ധതിയാണ്. വിവിധ സമൂഹങ്ങളുടെ പങ്കാളിത്വം അതിന് ആവശ്യമാണ്.. അവർക്കത് സൂക്ഷ്മമായ നിലയിൽ (മൈക്രോ ലെവൽ) പ്രാവർത്തികമാക്കാൻ കഴിയും.
ലോക രാജ്യങ്ങളിൽ
മാനവവിഭവശേഷി ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച രാജ്യങ്ങളിലൊന്നാണ് ചൈന. പല രാജ്യങ്ങളും അധിക ജനസംഖ്യ ഭാരമായി കണക്കാക്കിയിരുന്ന സമയത്തും, ചൈന മാനവവിഭവശേഷിയെ യഥാർത്ഥ രീതിയിൽ വിനിയോഗിച്ചു. ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ തന്നെ ചൈനയിൽ മാനവവിഭവശേഷി വികസനം നടത്തുന്നു. ഗവൺമെന്റ് തന്നെ നേരിട്ട് ഫലപ്രദമായി നടപ്പാക്കുന്നതിന്റെ പരിണിത ഫലമാണ്, ലോകത്തെവിടെയും ചൈനക്കാരെയും ചൈനീസ് ഉത‌്‌പന്നങ്ങളും കാണാൻ കഴിയുന്നത്. ലോകത്തെമ്പാടും ബിസിനസ് ചെയ്യുന്നതിന് ഇംഗ്ളീഷ് ഭാഷയിലെ പ്രാവീണ്യക്കുറവ് പോലും അവർക്ക് തടസമായില്ല. എന്നിരുന്നാലും, ചൈനയേക്കാൾ വളരെ മുൻപ് തന്നെ സമൂഹത്തിന്റെ സമഗ്രവികസനം മുന്നിൽക്കണ്ട് പ്രവർത്തിച്ച രാജ്യമാണ് ജപ്പാൻ. മനുഷ്യാഭിവൃദ്ധി എന്നാൽ സാമൂഹികാഭിവൃദ്ധി എന്ന് ജപ്പാൻ ലോകത്തിന് കാണിച്ചുതന്നു.
വിദ്യാഭ്യാസം
ഒരു കുട്ടിയുടെ കഴിവുകൾ മനസിലാക്കി അതത് മേഖലകളിലേക്ക് തിരിച്ച് വിടുക എന്നുള്ളതാണ് ആദ്യ ചുവട്. ഈ അറിവ് മാതാപിതാക്കളിലാണ് എത്തിക്കേണ്ടത്. കുട്ടികളെ എന്ത് പഠിപ്പിക്കണമെന്നും എങ്ങനെ പഠിപ്പിക്കണമെന്നും എന്നതിനെക്കുറിച്ച് മാതാപിതാക്കളിൽ പലരും അജ്ഞരാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പഠിക്കാൻ സമർത്ഥരായ കുട്ടികൾക്ക് വേണ്ടി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അനവധി സ്‌കീമുകൾ നിലവിലുണ്ട്. അനേകം സന്നദ്ധ സംഘടനകളും കോർപ്പറേറ്റ് കമ്പനികളും ഒക്കെ പഠിക്കാൻ മിടുക്കരായ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ തയ്യാറുള്ളവരാണ്. കലാകായികപരമായ കഴിവുള്ളവരെ ആ നിലയിലേക്കും വ്യാവസായികമായ കഴിവുള്ളവരെ അവിടേക്കും സിവിൽസർവീസ് നേടാൻ കഴിവുള്ളവരെ ആ നിലയിലേക്കും രാഷ്ട്രീയ ഭാവിയുള്ളവരെ അവിടേക്കും നയിക്കാൻ കഴിയുമ്പോഴാണ് മാനവവിഭവശേഷി വികസനം പാരമ്യതയിലെത്തുക.
വ്യവസായം
നമ്മുടെ ഇടയിൽ എത്രപേർക്കറിയാം ഒരു ബിസിനസ് പ്രൊപ്പോസൽ / പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ. ഒരു സംരംഭകൻ അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. ഒരു ബാങ്ക് ലോണിലുപരി സ്വന്തം ബിസിനസ് നടത്തിക്കൊണ്ട് പോകാനുള്ള മാസ്റ്റർ പ്ലാനാണത്. ആരംഭിക്കാനിരിക്കുന്ന വ്യവസായത്തിന്റെ ശക്തിയും ദൗർബല്യവും അവസരങ്ങളും അപകടങ്ങളും അറിഞ്ഞിരിക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന വിവിധയിനം പദ്ധതികളെക്കുറിച്ച് മനസിലാക്കുക. ഏക ജാലക സംവിധാനത്തിലൂടെ ഈ വക കാര്യങ്ങളിൽ മാർഗനിർദ്ദേശം നൽകാൻ കഴിഞ്ഞാൽ പലവിധത്തിലുള്ള ബിസിനസ് തകർച്ചകളും ഒഴിവാക്കാൻ സാധിക്കും.
തൊഴിൽ നൈപുണ്യം
ഏത് തരം തൊഴിലധിഷ്ഠിത കോഴ്സിനാണ് ഏറ്റവും കൂടുതൽ ജോലിസാദ്ധ്യത? തൊഴിൽ നൈപുണ്യം നേടിയെടുത്താൽ എങ്ങനെ തൊഴിൽ ലഭ്യത ഉണ്ടാകും. ഇങ്ങനെയുള്ള അനവധി സംശയങ്ങളാണ് ഒരു സാധാരണക്കാരന്റെ മനസിലുള്ളത്. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ആയിരക്കണക്കിന് അവസരങ്ങളാണ് ഓരോ വർഷവും ഉണ്ടാകുന്നത്. കേന്ദ്ര, കേരള പബ്ളിക് സർവീസ് കമ്മിഷൻ, ഷോർട്ട് സർവീസ് കമ്മിഷൻ, റെയിൽവേ, കര, നാവിക, വ്യോമസേന, ബാങ്കിംഗ് പിന്നെ അനേകായിരം സ്വകാര്യ കമ്പനികൾ മാത്രമല്ല വിദേശത്തും തൊഴിൽ സാദ്ധ്യതകൾ അനവധി ആണ്. യുവജനങ്ങളിലേക്ക് ഇത്തരത്തിലുള്ള അവസരങ്ങളുടെ അവബോധം ഉണ്ടാക്കുന്നതിലൂടെ തൊഴിൽ എടുത്ത് ജീവിക്കുന്ന ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാൻ കഴിയും.
സ്ത്രീജനങ്ങൾ
പല കുടുംബങ്ങളിലും പുരുഷൻമാരേക്കാൾ കൂടുതൽ കുടുംബം പുലർത്താൻ കഷ്ടപ്പെടുന്നത് സ്ത്രീകളാണെന്ന് പറയാതെ വയ്യ. സ്ത്രീകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള അനവധി ചെറുകിട സംരംഭക പദ്ധതികളും തൊഴിൽ പദ്ധതികളും ഇന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി വരുന്നു. അനവധി അഭ്യസ്തവിദ്യരായ സ്ത്രീകൾ യാതൊരു വിധത്തിലുള്ള തൊഴിലിലും ഏർപ്പെടാതെ, യാതൊരു സാമൂഹിക പ്രവർത്തനങ്ങളിലും ഇടപെടാതെ ജീവിക്കുന്നു. അവരുടെ കഴിവുകൾ വികസിപ്പിക്കാൻ കഴിയുന്നതിലൂടെ കുടുംബവും സമൂഹവും അഭിവൃദ്ധിപ്പെടുന്നു.
മുതിർന്ന പൗരന്മാർ
നിരവധി വിദ്യാസമ്പന്നരായ ആൾക്കാർ റിട്ടയർമെന്റിന് ശേഷം സ്വസ്ഥമായ ജീവിതം നയിക്കുന്നവരുണ്ട്. സ്വന്തം മേഖലയിൽ പ്രാവീണ്യം തെളിയിച്ചവർ. അറിവിന്റെയും പ്രവൃത്തി പരിചയത്തിന്റെയും കൂമ്പാരമായ ഇവരിൽ ഏറിയ പങ്കിനും സമൂഹത്തിലെ സാധാരണക്കാരെ സഹായിക്കാൻ വലിയ മനസ് തന്നെയാണ്. ഇങ്ങനെയുള്ള മുതിർന്ന പൗരന്മാരിൽ എത്തിച്ചേർന്ന് അവരുടെ ജീവിത പരിചയങ്ങൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ സാധിക്കും. ഇവരുടെ മാർഗനിർദ്ദേശങ്ങളാണ് പുതുതലമുറയ്ക്ക് അത്യാവശ്യം വേണ്ടുന്നത്.
ബൃഹത്തായ പദ്ധതി
മാനവവിഭവശേഷി വികസനം എന്ന ബൃഹത്തായ പദ്ധതി ഏറ്റെടുത്ത് നടത്താൻ കഴിവുള്ളവരാണ് ഇന്ന് കേരളത്തിലെ എല്ലാ സാമുദായിക സംഘടനകളും. ഈ ഒരു വലിയ പദ്ധതിയിലൂടെ അടുത്ത 5- 10 വർഷങ്ങൾക്കകം സമുദായവും അതിലൂടെ നാം ഉൾപ്പെടുന്ന സമൂഹവും ഒരു വലിയ മാറ്റത്തിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും. ഓരോ സമുദായവും ആ സമുദായത്തിലെ എണ്ണത്തിൽ കൂടുതലുള്ള സാധാരണക്കാർ ഉറച്ച് അണിചേരുമ്പോഴാണ് ആ സമുദായം ശക്തിപ്രാപിക്കുന്നതും അതിലൂടെ സാമൂഹിക നന്മ ഉണ്ടാകുന്നതും.
മാർഗനിർദ്ദേശങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഉള്ള ഒരു ഏകജാലക സംവിധാനം സംസ്ഥാന തലത്തിലും അതിനോടൊപ്പം തന്നെ ജില്ലാ / യൂണിയൻ തലത്തിലും പ്രാബല്യത്തിൽ വരുത്തുക. സാധാരണക്കാരിൽ സാധാരണക്കാരായവരെ കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഒരു എളിയ ശ്രമമാണ് മാനവിഭവശേഷി വികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കോർപ്പറേറ്റ് ട്രെയിനറും മോട്ടിവേഷണൽ സ്‌പീക്കറുമാണ് ലേഖകൻ.
www.banarji.com ഫോൺ : 9495835988
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |