കാസർകോട്: ആറാം വയസിൽ ലക്കിസ്റ്റാർ ക്ലബിലൂടെ ഫുട്ബാളിന്റെ ലോകത്തേക്ക് പിച്ചവച്ചപ്പോൾ പിലിക്കോട് കോതോളിയിലെ കെ.പി. രാഹുലിന് വലിയ സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കോച്ച് അന്ന് നൽകിയ ട്രോഫി തൊട്ട് സന്തോഷ് ട്രോഫി വരെയുള്ള നൂറുകണക്കിന് സമ്മാനങ്ങൾ രാഹുലിനെ തേടിയെത്തിയെങ്കിലും തന്റെ കുടിലിൽ അവ വയ്ക്കുവാൻ ഇടമുണ്ടായിരുന്നില്ല. 2018ൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ ടീമിന്റെ നെടുംതൂണായിരുന്ന രാഹുലിന് ജോലിക്ക് പുറമെ നല്ലൊരു വീടും സർക്കാർ നൽകിയതോടെ താരത്തിന്റെ സ്വപ്നങ്ങളും ചിറകുവിരിച്ചു.
മകനെ ഫുട്ബാൾ കളിക്കാരനാക്കാൻ ചെമ്പ്രകാനത്തെ കെ.പി. രമേശനും കെ.വി. തങ്കമണിയുമനുഭവിച്ച കഷ്ടതകൾ നിരവധിയാണ്. ഇപ്പോൾ ഫുട്‌ബോൾ തന്നെ ജോലിയും വീടും നൽകി. തങ്ങളുടെ കണ്ണീരിന്റെ വിലയാണ് ഇന്ന് അനുഭവിക്കുന്നതെന്ന് രാഹുലിന്റെ അച്ഛനും അമ്മയും പറയുന്നു. ഫെബ്രുവരി എട്ടിന് വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായി നിയമനം ലഭിച്ച രാഹുൽ ഇപ്പോൾ ആലമ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ്.
വീടൊരുക്കിയത് സർക്കാർ
മിച്ചഭൂമിയിലെ കുടിലിൽ അന്തിയുറങ്ങുന്ന കുടുംബത്തിന്റെ ദൈന്യത ശ്രദ്ധയിൽപ്പെട്ടതോടെയാണ് രാഹുലിന് ജോലിയും വീടും നൽകുമെന്ന് കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പ്രഖ്യാപിച്ചത്. തുടർന്ന് കായിക വികസന നിധിയിൽ നിന്നനുവദിച്ച 15 ലക്ഷത്തിന് പിലിക്കോട് കോതോളിയിൽ പൂർത്തിയായ സ്വപ്ന ഭവനത്തിലേക്ക് രാഹുലും കുടുംബവും ഇന്ന് താമസം മാറുകയാണ്. സ്‌പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിലാണ് ആറ് മാസം കൊണ്ട് വീട് നിർമ്മിച്ചത്. പാലുകാച്ചൽ ചടങ്ങിന് മന്ത്രി ഇ.പി. ജയരാജനെത്തും. അഞ്ച് സെന്റ് സ്ഥലം കുടുംബം വിലകൊടുത്തു വാങ്ങി.
'എന്റെ ജീവിതത്തിൽ ഏറെ സന്തോഷം തരുന്ന മുഹൂർത്തമാണിത്. ഫുട്‌ബാളിന്റെ ബാലപാഠം പഠിപ്പിച്ചവർക്കും പിന്തുണ നല്കിയവർക്കും നാട്ടുകാർക്കും ജോലിയും വീടും നൽകി സംരക്ഷിച്ച മന്ത്രി ഇ.പി. ജയരാജനും സർക്കാരിനും നന്ദി പറയുന്നു".
- കെ.പി. രാഹുൽ, സന്തോഷ് ട്രോഫി താരം
'കേരളത്തിൽ ആദ്യമായാണ് ഒരു ഫുട്‌ബാൾ താരത്തിന് സർക്കാർ വീട് വച്ച് നൽകുന്നത്. ഏഴ് മാസം കൊണ്ടാണ് വീട് പണി പൂർത്തിയാക്കിയത്. മന്ത്രി ഇ.പി. ജയരാജൻ പാലുകാച്ചലിനെത്തും".
- ശോഭ ബാലൻ, കേരള സ്‌പോർട്സ് കൗൺസിൽ സംസ്ഥാന പ്രതിനിധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |