ലണ്ടൻ: വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകിട്ടണമെന്നുള്ള അമേരിക്കൻ ആവശ്യത്തിൽ ബ്രിട്ടീഷ് കോടതിയിൽ വിചാരണ തുടങ്ങി. ചാരവൃത്തി, കമ്പ്യൂട്ടർ ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തി പതിറ്റാണ്ട് മുമ്പ് അസാൻജിനെതിരെ 18 കേസുകളുണ്ടെന്നും 175 വർഷത്തെ തടവ് ശിക്ഷയ്ക്ക് അർഹനാണെന്നും അമേരിക്കൻ പ്രോസിക്യൂട്ടർമാർ വാദിച്ചു. യു.എസ് സൈനിക ഇന്റലിജൻസ് അനലിസ്റ്റ് ചെൽസി മാനിങ്ങുമായി അസാൻജ് ഗൂഢാലോചന നടത്തി അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങളുമായി ബന്ധപ്പെട്ടത് അടക്കം പതിനായിരക്കണക്കിന് രഹസ്യരേഖകൾ പുറത്തുവിട്ടതായും പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്തോടെ അധികാര ദുരുപയോഗം നടത്തിയാണ് അസാൻജിനെതിരെ പ്രോസിക്യൂഷൻ നീങ്ങുന്നതെന്നും ലോകമെങ്ങുമുള്ള മാദ്ധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതും മാദ്ധ്യമപ്രവർത്തകരുടെ ജീവൻ അപകടത്തിലാക്കുന്നതുമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും അസാൻജിന്റെ അഭിഭാഷകർ വാദിച്ചു. അമേരിക്കൻ സൈന്യത്തിന്റെ തെറ്റായ നടപടികളാണ് ലോകത്തെ അറിയിച്ചത്. കമ്പനികളും സർക്കാറുകളും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും യുദ്ധക്കുറ്റങ്ങളും പുറത്തുകൊണ്ടുവരുന്ന മാദ്ധ്യമപ്രവർത്തകർക്ക് പ്രോസിക്യൂഷനിൽ നിന്ന് സംരക്ഷണമുണ്ടെന്നും അഭിഭാഷകർ വാദിച്ചു. ഫാഷൻ ഡിസൈനർ വിവിയൻ വെസ്റ്റ്‌വുഡ്, അസാൻജിന്റ പങ്കാളി സ്‌റ്റെല്ല മോറിസ് തുടങ്ങി നിരവധി പേർ കോടതിയിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |