ചവറയിൽ ഇപ്പോൾ സംശയമാണ് താരം. ഇലക്ഷൻ നടക്കുമോ?. പത്രക്കാരൊക്കെ എഴുതുന്നുണ്ട്, പക്ഷേ നാലുമാസ കാര്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനമെങ്ങാനും മാറ്റിവച്ചാലോ. മുഖ്യമന്ത്രി കത്തെഴുതി മീണയെ ധരിപ്പിച്ചാൽ ചവറയിലും കുട്ടനാട്ടിലും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമോ?. ഈ സംശയങ്ങളാണ് മണ്ഡലമാകെ.
ഇതുതന്നെയാണ് ഇടത് മുന്നണിയെയും ബി.ജെ.പിയെയും പിന്നോട്ടടിക്കുന്നത്. വേഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറുള്ള ഇടത് മുന്നണി വിജ്ഞാപനം വന്നിട്ടേ പ്രഖ്യാപനമുള്ളൂ എന്ന് പറയുന്നതിന് പിന്നിൽ എന്തെങ്കിലും മണത്തിട്ടല്ലേ എന്നൊക്കെ ചോദിക്കുന്ന വോട്ടർമാരും ചവറയിലുണ്ട്. എന്തിനാണ് ബി.ജെ.പി ക്കാരും വിജ്ഞാപനം വരട്ടേയെന്ന മട്ടിലായത്?. എന്നാൽ ഇതൊന്നും കണ്ടിട്ടും യു.ഡി.എഫ് പിന്നോട്ടില്ല. മാറ്റിവയ്ക്കുന്നെങ്കിൽ വയ്ക്കട്ടെ. നാലുമാസം കഴിയുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് ഇങ്ങെത്തുവല്ലേ. അപ്പോഴേയ്ക്കും ഞങ്ങൾ പാട്ടും പാടി ജയിക്കാനുള്ളതെല്ലാം ശരിയാക്കിക്കോളാം എന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കളും യു.ഡി.എഫും.
ദാ ഇപ്പ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ എല്ലാം കൊളമാക്കിയ കാര്യം നാട്ടുകാരോട് പറയാൻ ഇമ്മിണി സമയം വേണമെന്നാണ് കോൺഗ്രസുകാർ പറയുന്നത്. അതുകൊണ്ട് പിന്നോട്ടില്ല പ്രചാരണവുമായി മുന്നോട്ട് തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |