കൊച്ചി: അൺലോക്ക് നടപടികളുടെയും ഓണക്കാലത്തിന്റെയും പിൻബലത്തിൽ സംസ്ഥാനത്ത് വാഹന വില്പന മെല്ലെ ഉണർവിലേക്ക് കരകയറുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വളർച്ച കുറഞ്ഞെങ്കിലും ലോക്ക്ഡൗണിലെ മുൻമാസങ്ങളേക്കാൾ ഉയർന്ന വില്പന കഴിഞ്ഞമാസമുണ്ടായി.
ലോക്ക്ഡൗണിനെ തുടർന്ന് ഈ വർഷം ഏപ്രിലിൽ ഒറ്റ പുതിയ വണ്ടി പോലും വിറ്റഴിക്കപ്പെട്ടിരുന്നില്ല. എന്നാൽ, മേയിൽ നിയന്ത്രണളോടെ, വിപണി വീണ്ടും തുറന്നു. ആകെ 15,117 പുതിയ വാഹനങ്ങളാണ് മേയിൽ കേരളത്തിൽ വിറ്റഴിഞ്ഞത്. ജൂണിൽ 47,668 യൂണിറ്റുകളിലേക്ക് വില്പന കരകയറി.
ജൂലായിൽ സംസ്ഥാനത്ത് കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം കൂടിയത് തിരിച്ചടിയായെങ്കിലും 41,330 വാഹനങ്ങൾ പുതുതായി നിരത്തിലെത്തി. 41,174 വാഹനങ്ങളാണ് കഴിഞ്ഞമാസത്തെ വില്പനയെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) വ്യക്തമാക്കി.
കൊവിഡ് വ്യാപന ഭീതിമൂലം ജനങ്ങൾ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് കുറച്ചത്, ടൂവീലർ വിപണിക്ക് കരുത്താകുന്നുണ്ട്. കഴിഞ്ഞമാസത്തെ മൊത്തം വില്പനയിൽ 30,226 എണ്ണവും ടൂവീലറുകളാണ്. 9,566 കാറുകളും കേരളീയർ വാങ്ങി.
ഈ വർഷത്തെ വില്പനയെ കൊവിഡ് താളംതെറ്റിച്ചതിനാൽ കഴിഞ്ഞവർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്നും ഡീലർമാർ പറയുന്നു. കൂടുതൽ ഇളവുകൾ ലഭിക്കുന്നതോടെ, വരും മാസങ്ങളിൽ വില്പന മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.
വാഹന വില്പന@കേരളം
(ആഗസ്‌റ്റിലെ വില്പന)
2 വീലർ : 30,226
3 വീലർ : 777
വാണിജ്യ വാഹനം : 1,200
കാർ : 9,566
ട്രാക്‌ടർ : 5
ആകെ : 41,774
ദേശീയ വില്പന
11.88 ലക്ഷം പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം ദേശീയതലത്തിൽ നിരത്തിലെത്തിയത്. ഇതിൽ 8.98 ലക്ഷവും ടൂവീലറുകളാണ്. കാറുകൾ 1.78 ലക്ഷം.
ടൂവീലറുകളിൽ 36.50 ശതമാനം വിപണി വിഹിതവുമായി ഹീറോ മോട്ടോകോർപ്പ് ആണ് ഒന്നാമത്; 24.87 ശതമാനം വിഹിതവുമായി ഹോണ്ട രണ്ടാംസ്ഥാനത്തുണ്ട്.
കാർ വില്പനയിൽ മാരുതി തന്നെയാണ് മുന്നിൽ; വിപണി വിഹിതം 49.74 ശതമാനം. രണ്ടാമതുള്ള ഹ്യുണ്ടായിയുടെ വിഹിതം 19.44 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |