കൊല്ലം: തന്നോളം പ്രായമുള്ള സൈക്കിളിൽ പച്ചമരുന്നുകൾ തേടിയുള്ള ഒരു പച്ചമനുഷ്യന്റെ യാത്രയ്ക്ക് അൻപതാണ്ടിന്റെ ഔഷധമൂല്യം!. തഴവ കുതിരപ്പന്തി തോട്ടത്തിൽ മേക്ക് ലക്ഷ്മണൻ വൈദ്യരാണ് ഏഴുപത്തേഴാം വയസിലും അത്യപൂർവ പച്ചമരുന്നുകൾ തേടിയുള്ള യാത്ര തുടരുന്നത്.പരമ്പരാഗത വിഷചികിത്സയിലും ചർമ്മരോഗ ചികിത്സയിലും നിപുണനാണ് ലക്ഷ്മണൻ വൈദ്യൻ.
പാരമ്പര്യമായി വൈദ്യകുടുംബത്തിലെ അംഗമാണെങ്കിലും ഔഷധപ്രാധാന്യമുള്ള പച്ചമരുന്നുകൾ ശേഖരിച്ച് നൽകിയാണ് ലക്ഷ്മണൻ വൈദ്യൻ പേരെടുത്തത്. സൈക്കിൾ ചവിട്ടിയും കാൽനടയായും കാതങ്ങൾ സഞ്ചരിച്ചാണ് മരുന്ന് ശേഖരണം. റോഡരികിലും വിജനമായ സ്ഥലങ്ങളിലും മലഞ്ചെരുവുകളിലും പാറക്കൂട്ടങ്ങളിലും വനത്തിലുമെന്നുവേണ്ട തനിക്കാവശ്യമായ മരുന്നുകൾ എവിടെയുണ്ടാകുമെന്ന് ലക്ഷ്മണൻ വൈദ്യന് നിശ്ചയമുണ്ട്.
നാട്ടിലെ വൈദ്യന്മാർ കഷായത്തിനും ലേഹ്യത്തിനും രോഗികൾക്ക് കുറിപ്പടി നൽകുമെങ്കിലും പല മരുന്നുകൾക്കും ലക്ഷ്മണൻ വൈദ്യനെ കണ്ടെങ്കിലേ കിട്ടൂ. കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് കൊവിഡിനെതിരായി പരീക്ഷിക്കാനൊരുങ്ങുന്ന അപൂർവ ഔഷധമായ പാതാള ഗരുഡക്കൊടി മുതൽ നാട്ടിലും കാട്ടിലുമുള്ള എണ്ണമറ്റ മരുന്നുകളുടെ ഉറവിടം ഈ പ്രായത്തിലും വൈദ്യന് സുനിശ്ചിതം.
പ്രായത്തിന്റെ അവശതയിലും മരുന്ന് തേടിയിറങ്ങിയാൽ യാത്ര ലക്ഷ്യം കണ്ടേ മടങ്ങൂ. മുത്തച്ഛൻ പരേതനായ കറുത്തകുഞ്ഞ് വൈദ്യനിൽ നിന്നും അമ്മാവൻ ഗോവിന്ദൻ വൈദ്യനിൽ നിന്നും സിദ്ധിച്ച ആയുർവേദ അറിവുകൾക്കൊപ്പം വണ്ടിപ്പെരിയാറിലെ ഒരു വൈദ്യന്റെ ശിക്ഷണത്തിലും ചികിത്സകൾ അഭ്യസിച്ചെങ്കിലും പച്ചമരുന്ന് ശേഖരണത്തിലായിരുന്നു വൈദ്യന് കൗതുകം.
മരുന്ന് ശേഖരിക്കാനുള്ള കഷ്ടപ്പാടിനനുസരിച്ച് പലരും പ്രതിഫലം നൽകാറില്ലെങ്കിലും ചികിത്സയെ ഈശ്വരസേവയായി കാണുന്നതിനാൽ ആരോടും കണക്ക് പറയാനും ലക്ഷ്മണൻ വൈദ്യനില്ല. ഒരായുസ് മുഴുവൻ പച്ചമരുന്നുകൾ തേടിയുള്ള അലച്ചിലിനിടെ ലഭിച്ച തുച്ഛമായ വരുമാനമാണ് ഭാര്യ ശാന്തമ്മയെയും മൂന്ന് പെൺമക്കളെയും പോറ്റിയത്. പ്രായത്തിന്റെ അവശതകൾ കൂസാതെ വള്ളിപ്പടർപ്പുകളിലും പച്ചിലക്കൂട്ടങ്ങളിലും ഔഷധങ്ങൾക്കായുള്ള പരതലാണ് ഇന്നും വൈദ്യന്റെ ജീവിതം.
''
രണ്ട് മരുന്നുകൾക്ക് പേറ്റന്റ് നേടാൻ ശ്രമിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളും സാങ്കേതിക തടസങ്ങളും കാരണം കഴിഞ്ഞിട്ടില്ല.
ലക്ഷ്മണൻ വൈദ്യർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |