അവശേഷിക്കുന്നത് മൂന്ന് പാലങ്ങളുടെ നിർമ്മാണം
ആലപ്പുഴ : നാലര പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത നെടുമുടി-കരുവാറ്റ റോഡ് യാഥാർത്ഥ്യത്തിലേക്ക് എത്താൻ ഇനി മൂന്ന് പാലങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്ന കാലതാമസം മാത്രം. ഇതു കഴിച്ചുള്ള നിർമ്മാണത്തിന്റെ 95 ശതമാനവും പൂർത്തിയായി.
കരുവാറ്റ കുറിച്ചിക്കൽ, കോരംകുഴി തോടിന് കുറുകെ, പടഹാരം എന്നീ പാലങ്ങളാണ് പദ്ധതിയിൽ പൂർത്തീകരിക്കാനുള്ളത്. ഇതിൽ കുറിച്ചിക്കൽ, പടഹാരം പാലങ്ങളുടെ നിർമ്മാണം ആരംഭിച്ചു. കോരംകുഴി പാലത്തിന് സമർപ്പിച്ച എസ്റ്റിമേറ്റ് ഭരണാനുമതിക്കായി കാത്തിരിക്കുന്നു. ഈ മൂന്ന് പാലങ്ങളിൽ തട്ടിയാണ് നിർമ്മാണ ജോലികൾ അനന്തമായി നീണ്ടത്. മന്ത്രി ജി.സുധാകരൻ മുൻ കൈയെടുത്താണ് പാലങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. ഈ മൂന്ന് വലിയ പാലങ്ങൾ കൂടാതെ നിരവധി ചെറിയ പാലങ്ങളും കലുങ്കുകളും റോഡിലുണ്ട്. ഇവയെല്ലാം പൂർത്തികരിച്ചു. കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങളിലെ കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളെ റോഡ് ബന്ധിപ്പിക്കും. നെടുമുടി പൂപ്പള്ളി ജംഗ്ഷനിൽനിന്ന് ദേശീയപാതയിൽ വഴിയമ്പലത്ത് എത്തിച്ചേരാൻ 17 കിലോമീറ്റർ സഞ്ചരിച്ചാൽ മതി.
കുറിച്ചിക്കൽ പാലം
നിർമ്മാണ ചിലവ് : 29കോടി
ദേശീയജലപാതയുടെ നിയമം അനുസരിച്ച് ലീഡിംഗ് ചാനലിന് കുറുകേയാണ് പാലം നിർമ്മിക്കുന്നത്. 250മീറ്റർ നീളത്തിലും 12മീറ്റർ വീതിയിലും ഇരുവശങ്ങളിൽ 60മീറ്റർ വീതം നീളത്തിൽ അപ്രോച്ച് റോഡുകളോടെയാണ് നിർമ്മാണം.ഇപ്പോൾ ഒൻപത് സ്പാനിൽ ഏഴെണ്ണത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. മദ്ധ്യഭാഗത്തെ രണ്ട് സ്പാനുകളുടെ നിർമ്മാണം നടത്താതെ കാലതാമസം വരുത്തിയതിനെ തുടർന്ന് ആദ്യ കരാറുകാരനെ ഒഴിവാക്കി. ഇപ്പോൾ ഒരുകരാറുകാരൻ ഒൻപത് കോടിക്ക് കരാർ ഏറ്റെടുക്കാൻ തയ്യാറായെങ്കിലും എസ്റ്റിമേറ്റ് തുകയുടെ 75ശതമാനം അധിക തുക ആവശ്യപ്പെട്ടതിനാൽ സർക്കാരിന്റെ അനുമതിക്കായി കത്തിരിക്കുന്നു. മധ്യഭാഗത്ത് 55മീറ്റർ നിളത്തിലുള്ള ആർച്ച് മോഡലിലുള്ള ഒരുസ്പാനും 23മീറ്റർ നീളത്തിലുള്ള മറ്റോരുസ്പാനും അപ്രോച്ച് റോഡുമാണ് ഇനി പൂർത്തികരിക്കേണ്ടത്.
പടഹാരം പാലം
പമ്പാനദിയ്ക്ക് കുറുകേയാണ് പാലം . 443മീറ്റർ നീളം. 11മീറ്റർ വീതി. ഒന്നരമീറ്റർ വീതിയിൽ ഇരുവശവും നടപ്പാതയോടുകൂടിയ പാലത്തിന് കിഫ്ബിയിൽ നിന്ന് 55കോടിരൂപ അനുവദിച്ചു. പൈലിംഗ് ജോലികൾ ആരംഭിച്ചു. 86പൈലുകളിൽ 18എണ്ണം പൂർത്തികരിച്ചു.
കോരംകുഴി തോട്ടിലെ പാലം
30കോടിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചു. ഭരണാനുമതി ലഭിക്കുന്ന മുറക്ക് തുടർ പ്രവർത്തനം ആരംഭിക്കും.
സമാന്തരപാത
റോഡ് യാഥാർഥ്യമാകുന്നതോടെ ദേശീയപാതയ്ക്ക് സമാന്തര പാതയായി മാറും. തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ ഗതാഗത തടസം ഉണ്ടാകുമ്പോൾ ഇതുവഴി വാഹനങ്ങൾ തിരിച്ചുവിടാനും കഴിയും. ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലത്തുനിന്ന് കരിനിലങ്ങളും കുട്ടനാടൻപാടങ്ങളും കടന്ന് നെടുമുടി വരെ വേഗത്തിൽ എത്തിച്ചേരാൻ കഴിയും. നിലവിൽ കരുവാറ്റയിൽ നിന്ന് നെടുമുടിയിൽ എത്താൻ ദേശീയപാതയിലൂടെ കളർകോട് എത്തി എ.സി. റോഡ് വഴി 30 കിലോമീറ്ററിലധികം യാത്രചെയ്യണം. നെടുമുടി-കരുവാറ്റ റോഡ് യാഥാർത്ഥ്യമായാൽ 17 കിലോമീറ്ററായി ദൂരം കുറയും.
ചരിത്രം
1970ൽ കെ.കെ.കുമാരപിള്ള എം.എൽ.എ ആയിരിക്കുമ്പോഴാണ് കരുവാറ്റ - കുപ്പപ്പുറം റോഡ് എന്ന ആശയത്തിന് തുടക്കം. കാർഷിക മേഖലയുടെ ഹരിതഭംഗി ആസ്വദിച്ച് സഞ്ചരിക്കാനും ടൂറിസം സാദ്ധ്യതയും കണക്കിലെടുത്തായിരുന്നു നിർദേശം. പിന്നീട് കരുവാറ്റ വഴിയമ്പലത്തിൽ നിന്ന് ആരംഭിച്ച് നെടുമുടി പൂപ്പള്ളി ജംഗ്ഷൻ വരെയാക്കി പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |