നിലമ്പൂർ:യാത്രക്കാർക്ക് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുളള സൗകര്യം വഴിക്കടവ് ആനമറിയിൽ ഒരുക്കുമെന്ന റവന്യൂ അധികൃതരുടെ വാഗ്ദാനം നടപ്പായില്ല. നാടുകാണി ചുരം വഴി യാത്ര ചെയ്യാനായി എത്തുന്ന നിരവധി യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലാവുന്നത്.
കൊവിഡ് 19നെ തുടർന്ന് ചുരം പാതയിൽ ആറുമാസമായി ഏർപ്പെടുത്തിയ യാത്രാനിരോധനം ഞായറാഴ്ചയാണ് ജില്ലാ ഭരണകൂടം പിൻവലിച്ചത്. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ രജിസ്ട്രേഷൻ രേഖകൾ പരിശോധിക്കാൻ വഴിക്കടവ് ആനമറിയിൽ പ്രത്യേക ജീവനക്കാരെ നിയമിച്ച് കൗണ്ടർ സ്ഥാപിച്ചിരുന്നു. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഇവിടെ അധികൃതർക്ക് സമർപ്പിക്കണം. രജിസ്റ്റർ ചെയ്യാതെയെത്തുന്നവർക്ക് രജിസ്ട്രേഷനുളള സൗകര്യവും ഇവിടെ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.റവന്യൂ, പൊലീസ്, അദ്ധ്യാപകർ ഉൾപ്പെട്ട സംഘത്തെയാണ് ഇതിനായി നിയമിച്ചത്. എന്നാൽ നേരത്തെ രജിസ്റ്റർ ചെയ്ത യാത്രക്കാരെ രേഖകൾ പരിശോധിച്ച് കടത്തി വിടുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. പുതുതായി രജിസ്ട്രഷനുളള സൗകര്യമൊരുക്കിയിട്ടില്ല. മൊബൈൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനുളള നിർദ്ദേശമാണ് അധികൃതർ നല്കുന്നത്. എന്നാൽ ഇതറിയാത്ത യാത്രക്കാർ വലയുകയാണ്.
ഒരു കമ്പ്യൂട്ടറും രണ്ട് ജീവനക്കാരും മാത്രമാണ് ആനമറിയിലുളളത്. നെറ്റ് കണക്ഷൻ ഉൾപ്പെടെയുളള സൗകര്യം ലഭിച്ചിട്ടില്ല. താത്കാലിക സംവിധാനമേ ഒരുക്കിയിട്ടുള്ളൂ. ജീവനക്കാർ സ്വന്തം മൊബൈൽ ഫോണുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കൂടുതൽ യാത്രക്കാർ വന്നാൽ അവർക്ക് രജിസ്റ്റർ ചെയ്യാനുളള സംവിധാനമില്ല. ഇക്കാര്യങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
സുഭാഷ് ചന്ദ്രബോസ്, നിലമ്പൂർ തഹസിൽദാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |