ഇഷ്ടപ്പെട്ട സീറ്റിലിരുന്ന യാത്ര ചെയ്യാം
മലപ്പുറം: കൊവിഡിനെ പേടിക്കാതെ ജോലിസ്ഥലത്തേക്ക് സുരക്ഷിതമായി യാത്ര ചെയ്യണോ, 50 സ്ഥിരം യാത്രക്കാരുണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് ഓടിക്കും. വീട്ടിൽ നിന്ന് ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യാം. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ ലക്ഷ്യമിട്ട് കോഴിക്കോട് - മലപ്പുറം റൂട്ടിൽ തുടങ്ങുന്ന ബോണ്ട് (ബസ് ഓൺ ഡിമാന്റ് ) സർവീസിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. 20 യാത്രക്കാർ കൂടിയായാൽ ആദ്യ സർവീസ് തുടങ്ങും. കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാർക്കായി പ്രത്യേക ബസ് ഒരാഴ്ച്ചയ്ക്കകം സർവീസ് തുടങ്ങും.
കെ.എസ്.ആർ.ടി.സി നോർത്ത് സോണിന്റെ കീഴിലാണ് മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ സർവീസ് തുടങ്ങുന്നത്. സുൽത്താൻബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലേക്ക് സർവീസ് തുടങ്ങിയിട്ടുണ്ട്. പാലക്കാട് - കോയമ്പത്തൂർ റൂട്ടിൽ വരുംദിവസം സർവീസ് തുടങ്ങും. കോഴിക്കോട്- ബാലുശ്ശേരി, വടകര - കാലിക്കറ്റ് യൂണിവേഴ്സിറ്റി റൂട്ടിൽ ഒരാഴ്ച്ചയ്ക്കുള്ളിൽ സർവീസ് തുടങ്ങും. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് കൂടുതൽ ജീവനക്കാർ സർവീസിനായി ബന്ധപ്പെടുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
കീശയ്ക്ക് നേട്ടം തന്നെ
കൊവിഡിന് പിന്നാലെ യാത്രക്കാർ കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സിയുടെ പല സർവീസുകളും നിറുത്തിവച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനൊപ്പം സ്വകാര്യ വാഹനങ്ങളെയും ടാക്സിയെയും ആശ്രയിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്രാ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. അഞ്ച്, 10,15, 20 എന്നിങ്ങനെ ദിവസങ്ങളിലേക്ക് ബോണ്ട് സർവീസ് കാർഡ് മുൻകൂട്ടി ബുക്ക് ചെയ്യാം. കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെത്തി പണമടച്ചാൽ കാർഡ് ലഭിക്കും. ഇഷ്ടപ്പെട്ട സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. സാധാരണ ബസ് ചാർജ്ജിനേക്കാൾ ചെറിയ വർദ്ധനവേയുള്ളൂ. യാത്രക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ബസിന്റെ ലൊക്കേഷൻ അറിയാനാവും. യാത്രക്കാരുടെ സുരക്ഷ മുൻനിറുത്തി അണുനശീകരണത്തിന് ശേഷമാവും ബസ് സർവീസ് നടത്തുക. സാനിറ്റൈസർ അടക്കമുള്ളവ ഒരുക്കും. ഒരേ ഓഫീസിലെ ജീവനക്കാർ മാത്രമേ ബസിലുണ്ടാവൂ എന്നതിനാൽ കൊവിഡ് വ്യാപന സാദ്ധ്യത കുറയ്ക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |