ബ്രസൽസ്: റോഹിൻഗ്യൻ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അടിച്ചമർത്തലിൽ പ്രതിഷേധിച്ച് മ്യാന്മർ ഭരണാധികാരിയും സമാധാന നോബേൽ ജേതാവുമായ ആംഗ് സാൻ സൂചിയുടെ പേര് മനുഷ്യാവകാശ പുരസ്‌കാരമായ സഖ്റോവ് പ്രൈസ് വിതരണചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ നിന്ന് നീക്കിയതായി യൂറോപ്യൻ യൂണിയൻ അറിയിച്ചു. 1990ലാണ് സൂചിക്ക് സഖ്റോവ് പുരസ്കാരം പ്രഖ്യാപിച്ചത്. വീട്ടുതടങ്കലിലായിരുന്ന സൂചിക്ക് 23 വർഷത്തിനുശേഷമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ സാധിച്ചത്. സൂചി വംശഹത്യയെ അനുകൂലിക്കുന്നാരോപിച്ച് ലോകമെങ്ങും പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയന്റെ നടപടി.
'മ്യാൻമറിലെ റോഹിഗ്യകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ സൂചി പരാജയപ്പെട്ടു. വിഷയത്തിൽ മൗനം പാലിക്കുന്നതിലൂടെ സൂചി വംശീയഹത്യയെ പ്രോത്സാഹിക്കുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇതിനാലാണ് അവരെ സഖ്റോവ് പുരസ്‌കാര വിതരണ ചടങ്ങിലേക്ക് ഇനി മേലിൽ ക്ഷണിക്കില്ലെന്ന് തീരുമാനിച്ചത്. എന്നാൽ സൂചിക്ക് നൽകിയ പുരസ്കാരം തിരിച്ചെടുക്കുകയോ, സമ്മാനത്തുക തിരികെ വാങ്ങുകയോ ചെയ്യില്ലെന്നും' യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ റോഹിൻഗ്യൻ മുസ്ളിങ്ങളെയും തുടച്ചുനീക്കാനുള്ള മ്യാൻമർ സൈന്യത്തിന്റെ നിർദ്ദേശത്തെ തുടർന്ന് നിലവിൽ പത്തുലക്ഷത്തോളം റോഹിൻഗ്യകളാണ് ബംഗ്ളാദേശിൽ അഭയം തേടിയിരിക്കുന്നത്. 2017 ആഗസ്‌റ്റിൽ രാജ്യത്തെ റോഹിൻഗ്യൻ മുസ്ളിങ്ങളെ വേട്ടയാടിയ കൊലപ്പെടുത്തിയ മ്യാൻമാർ സർക്കാർ നടപടിയെക്കുറിച്ച് രണ്ട് സൈനികർ കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തൽ ലോകമെമ്പാടും പ്രതിഷേധം ഉയർത്തിയിരിക്കയാണ്. 'മുന്നിൽ കാണുന്നവരെയും ഒച്ചവയ്ക്കുന്നവരെയുമെല്ലാം വെടിവച്ച് കൊല്ലുക. ഞങ്ങൾ അതുപോലെ തന്നെ ചെയ്‌തു.'- മ്യോ വിൻ ടുൻ, പ്രൈവറ്റ് സാവ് നൈംഗ് ടുൻ എന്നീ പട്ടാളക്കാർ കുറ്രസമ്മത വീഡിയോയിൽ പറഞ്ഞു. നിഷ്‌കളങ്കരായ മുപ്പതോളം പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നിഷ്‌കരുണം വധിച്ച് ഒരു മിലിട്ടറി ടവറിന് സമീപം ഒന്നിച്ച് സംസ്‌കരിച്ചു. ഇതേസമയം അടുത്തുളള ടൗൺഷിപ്പിൽ കണ്ണിൽ കണ്ട മുതിർന്നവരെയും സ്‌ത്രീകളെയും കുട്ടികളെയുമെല്ലാം സാവ് നൈംഗ് ടുനും കൂട്ടരും കൊലപ്പെടുത്തി. ഏതാണ്ട് 20 ഗ്രാമങ്ങൾ തുടച്ചുനീക്കി. കൊന്നവരെയെല്ലാം ഒരുമിച്ച് സംസ്‌കരിച്ചു. ഇവർ ഇരുവരും കഴിഞ്ഞ മാസം മ്യാൻമറിൽ നിന്ന് ഓടിപ്പോന്നവരാണ്. ഇവരെ ഹേഗിലെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിൽ കുറ്റവിചാരണയ്ക്ക് എത്തിച്ചിട്ടുണ്ട്.
നടക്കുന്നത് മനുഷ്യക്കുരുതി
റോഹിഗ്യകൾക്കെതിരെ നടത്തിയ ഗൗരവമേറിയ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോ. മ്യാൻമാർ പട്ടാളം റോഹിൻഗ്യൻ ഗ്രാമങ്ങൾ തീയിട്ടു. ഒരു ചെറിയ പ്രദേശത്ത് മാത്രം നിരവധി ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു. മനുഷ്യർ കൊല്ലപ്പെട്ടു. രാജ്യത്തെ മൂന്നിലൊന്ന് മ്യാൻമർ റോഹിഗ്യകൾ അഭയാർത്ഥികളാക്കപ്പെട്ടു. 2017 മുതൽ 2019 വരെ 200 റോഹിൻഗ്യൻ സെറ്റിൽമെന്റുകൾ നശിപ്പിക്കപ്പെട്ടു. എന്നാൽ ഇത്തരം സംഭവങ്ങൾ ഒന്നും നടന്നിട്ടില്ലെന്നാണ് മ്യാൻമർ സർക്കാർ ആവർത്തിച്ച് പറയുന്നത്. പട്ടാളത്തിന്റെ അതിക്രമങ്ങളെ പിന്തുണച്ച ആംഗ് സാൻ സൂചിയ്‌ക്കെതിരെ അന്താരാഷ്‌ട്ര തലത്തിൽ വൻ പ്രതിഷേധമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |