തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തിൽ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനോടും, തദ്ദേശതിരഞ്ഞെടുപ്പ് താത്കാലികമായി നീട്ടിവയ്ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോടും അഭ്യർത്ഥിക്കാൻ ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയായി.
മൂന്നര മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ ബാദ്ധ്യത അടിച്ചേൽപ്പിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗത്തിന് കാര്യമായ ഒരു പ്രവര്‍ത്തനവും കാഴ്ച വയ്ക്കാന്‍ സമയമുണ്ടാവില്ല. സംസ്ഥാനത്തിന്റെ പൊതുഅഭിപ്രായമായി ഇക്കാര്യം അറിയിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വാശി പിടിക്കാനിടയില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തദ്ദേശസ്ഥാപനങ്ങളിൽ അഞ്ചുവർഷം കാലാവധിയുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റേണ്ടതുണ്ട്. നവംബർ 12നാണ് പുതിയ ഭരണസമിതികൾ അധികാരത്തിൽ വരേണ്ടത്. അനന്തമായി തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ആരുടെയും വോട്ടവകാശം നിഷേധിക്കപ്പെടരുതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു . തിരഞ്ഞെടുപ്പു ഏത് മാസത്തിൽ നടത്തണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നത് അനൗചിത്യമാണെന്നും, സാഹചര്യം വിലയിരുത്തി നവംബറിനു ശേഷം നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പു നീട്ടാനുള്ള തീരുമാനത്തെ യോഗത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എതിർത്തു.
എതിർപ്പിന് പിന്നിൽ
*നിയമസഭയുടെ കാലാവധി അടുത്ത മേയിൽ അവസാനിക്കും. തിരഞ്ഞെടുപ്പ് ഏപ്രിലിൽ നടത്തിയേക്കും. 2011ലും 2016ലും ഏപ്രിലിലായിരുന്നു തിരഞ്ഞെടുപ്പ്.
* കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് നവംബര്‍ പകുതിയോടെ നടത്തിയാൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നര മാസമേ പ്രവർത്തിക്കാനാവൂ.
* ജനപ്രാതിനിധ്യ നിയമത്തിലെ 151എ ചട്ടപ്രകാരം ഒഴിവുണ്ടായി ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണം. തോമസ് ചാണ്ടിയുടെ മരണംമൂലം കുട്ടനാട്ടിൽ ഒഴിവുണ്ടായത് കഴിഞ്ഞ ഡിസംബര്‍ 20നാണ്. ചവറയിൽ ഒഴിവുണ്ടായത് മാര്‍ച്ച് എട്ടിനും. കുട്ടനാട്ടിൽ ഒഴിവുണ്ടായിട്ട് ആറ് മാസം കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |