ന്യൂഡൽഹി: അടുത്തിടെ നേതൃത്വത്തിനെതിരെ വിമർശനമുയർത്തിയ ഗുലാം നബി ആസാദടക്കം അഞ്ച് നേതാക്കളെ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയും,പ്രവർത്തക സമിതി പുന:സംഘടിപ്പിച്ചും കോൺഗ്രസ് ഹൈക്കമാൻഡിൽ വൻ അഴിച്ചുപണി.. പ്രവർത്തക സമിതിയിൽ കേരളത്തിൽ നിന്ന് എ.കെ.ആന്റണി, കെ.സി. വേണുഗോപാൽ, ഉമ്മൻചാണ്ടി എന്നിവർ തുടരും.
ഗുലാം നബി ആസാദ്, മല്ലികാർജ്ജുന ഖാർഗെ, അംബികാ സോണി, മോത്തിലാൽ വോറ, ലൂസിനോ ഫെറെറോ എന്നിവരെയാണ് ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് നീക്കിയത്. ഇതിൽ ഗുലാം നബി ആസാദ്, മല്ലികാർജ്ജുന ഖാർഗെ, അംബികാ സോണി എന്നിവർ പ്രവർത്തകസമിതിയിലുണ്ട്. പി.ചിദംബരം, ജിതേന്ദ്ര സിംഗ്, രൺദീപ് സിംഗ് സുർജെവാല എന്നിവർ സ്ഥിരാംഗങ്ങളായി. കെ.സി. വേണുഗോപാൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും.
പ്രവർത്തകസമിതിയിൽ സ്ഥിരാംഗങ്ങളായി 22പേരും സ്ഥിരം ക്ഷണിതാക്കളായി 26പേരും പ്രത്യേക ക്ഷണിതാക്കളായി 10പേരുമാണുള്ളത്. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല ജനറൽ സെക്രട്ടറി താരിഖ് അൻവറിനാണ്. ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന് മദ്ധ്യപ്രദേശിന്റെ ചുമതല നൽകി. പ്രിയങ്കാ വാധ്ര തുടർന്നും ഉത്തർപ്രദേശിന്റെ ചുമതല വഹിക്കും.
സോണിയയെ സഹായിക്കാൻ
ആറംഗ സമിതി
സംഘടനാ കാര്യങ്ങളിലും നിലപാടുകളെടുക്കുന്നതിലും പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സഹായിക്കാൻ എ.കെ.ആന്റണി, കെ.സി. വേണുഗോപാൽ, അഹമ്മദ് പട്ടേൽ, അംബികാ സോണി, മുകുൾ വാസ്‌നിക്, രൺദീപ് സുർജെവാല എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു.
മധുസൂതനൻ മിസ‌്‌ട്രി അദ്ധ്യക്ഷനും രാജേഷ് മിശ്ര, കൃഷ്‌ണ ബയിരെ ഗൗഡ, ജോതിമണി, അരവിന്ദർ സിംഗ് ലവ്‌ലി എന്നിവർ അംഗങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടിയും പുന:സംഘടിപ്പിച്ചു.
പ്രവർത്തകസമിതി
സ്ഥിരാംഗങ്ങൾ:
സോണിയാ ഗാന്ധി, മൻമോഹൻസിംഗ്, രാഹുൽ ഗാന്ധി, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, അംബികാ സോണി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ഹരീഷ് റാവത്ത്, കെ.സി. വേണുഗോപാൽ, മല്ലികാർജ്ജുന ഖാർഗെ, മുകുൾ വാസ്‌നിക്, ഉമ്മൻചാണ്ടി, അജയ് മാക്കൻ, പ്രിയങ്കാ ഗാന്ധി, പി. ചിദംബരം, ജിതേന്ദ്ര സിംഗ്, താരിഖ് അൻവർ, രൺദീപ് സിംഗ് സുർജെവാല, ഗെയ്ഖാൻഗം, രഘുവീർ സിംഗ് മീണ, തരുൺ ഗോഗോയ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |