തിരുവനന്തപുരം:വിരമിച്ച പി.എസ്.സി അംഗങ്ങളുടെ ഒഴിവുകൾ നികത്താൻ സർക്കാരിന് സാമ്പത്തിക പ്രതിസന്ധി തടസമാകുന്നു. ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളിൽ ആറ് പേർ വിരമിച്ച ഒഴിവുകളിൽ നിയമനം നടന്നിട്ടില്ല. രണ്ട് പേർ കൂടി രണ്ട് മാസത്തിനുള്ളിൽ വിരമിക്കുന്നതോടെ ഒഴിവുകൾ എട്ടാകും. അംഗങ്ങൾ 13 ആയി ചുരങ്ങും. ഇപ്പോൾ അത്രയും മതിയെന്ന നിലപാടിലാണ് സർക്കാർ എന്ന് അറിയുന്നു. 21 പേർക്ക് ശമ്പളത്തിന് മാസം 37 ലക്ഷം രൂപ വേണം. തൽക്കാലം അധികച്ചെലവ് വേണ്ടെന്നും സർക്കാരിൻെറ കാലാവധി തീരും മുമ്പ് ഒഴിവുകൾ നികത്താമെന്നും ചിന്തയുണ്ട്.
പി. എസ്. സിയുടെ രണ്ട് അംഗങ്ങളടങ്ങിയ കമ്മിറ്റിയാണ് ഉദ്യോഗാർത്ഥികളുടെ ഇൻറർവ്യൂ നടത്തുന്നത്. ഒഴിവുകൾ നികത്താത്തതിനാൽ ഇപ്പോൾ ഇൻറർവ്യൂ കമ്മിറ്റിയിൽ ഒരു അംഗമേ ഉള്ളൂ. വർഷം ശരാശരി 40,000 ഉദ്യോഗാർത്ഥികളെയാണ് ഇൻറർവ്യൂ ചെയ്യുന്നത്.
#വിരമിച്ചവർ
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നിയമിച്ച ശിവദാസൻ, രവീന്ദ്രനാഥ്, ഇസ്‌മയിൽ, സിമി റോസ്‌ബെൽ, അഡ്വ.എസ്.ഷൈൻ, ഡോ. ടി.സുരേഷ്‌കുമാർ എന്നിവരാണ് വിരമിച്ചത്. ഡോ. രാജൻ, ലോപ്പസ് മാത്യൂ എന്നിവരാണ് വിരമിക്കാനിരിക്കുന്നത്. ചെയർമാന് 2022 വരെ സർവീസുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അംഗമായിട്ടാണ് ഇദ്ദേഹത്തെ ആദ്യം നിയമിച്ചത്.
ആറ് വർഷമാണ് അംഗങ്ങളുടെ കാലാവധി. പ്രായപരിധി 62 വയസ്. ആറ് വർഷത്തിന് മുമ്പേ 62 വയസായാൽ വിരമിക്കണം.
#ചെയർമാൻെറ അടിസ്ഥാന ശമ്പളം 76,000 രൂപ. 140 % ഡി.എ, അലവൻസുകൾ ചേർത്ത് 1.85 ലക്ഷം. പുറമേ ഫ്ളാറ്റ്, കാർ.
#അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 70,000 രൂപ. 140% ഡി.എ, വീട് അലവൻസ് 10,000, വാഹന അലവൻസ് 5000, മൊത്തം 1.72 ലക്ഷം
#അംഗങ്ങളുടെ ജോലി
തിങ്കൾ: കമ്മിഷൻ സിറ്റിംഗ്
ചൊവ്വ: 12 കമ്മിറ്റികൾ
ബുധൻ മുതൽ വെള്ളി വരെ: ഇൻറർവ്യൂ
ശനി: ഫയൽ നോക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |