ന്യൂഡൽഹി:മേയ് മാസത്തിൽ ഇന്ത്യയിലാകെ കൊവിഡ് ബാധിച്ച 64 ലക്ഷം പേർ ഉണ്ടായിരുന്നിരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ നടത്തിയ ആദ്യത്തെ സിറോ സർവേ റിപ്പോർട്ടിൽ പറയുന്നു. ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുമ്പോൾ 82 മുതൽ 130 വരെ പേരുടെ വൈറസ് ബാധ കണ്ടുപിടിക്കപ്പെടാതെ പോയെന്നാണ് സർവേയിലെ നിഗമനം.
മേയ് 11മുതൽ ജൂൺ 4 വരെ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ ശാസ്‌ത്രജ്ഞരുടെ മേൽനോട്ടത്തിലാണ് സർവേ നടത്തിയത്. പഠന റിപ്പോർട്ട് വ്യാഴാഴ്ച കൗൺസിൽ ജേർണലിൽ പ്രസിദ്ധീകരിച്ചു.
രോഗം ബാധിച്ച് രണ്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡിയെ കണ്ടെത്താനുള്ള രക്തപരിശോധനയാണ് സിറോളജി സർവേയിൽ നടത്തുന്നത്.
700 ക്ലസ്റ്ററുകളിൽ നിന്ന് നാല് വിഭാഗങ്ങളിലായി 30,283 വീടുകൾ സന്ദർശിച്ച സർവേ സംഘം 28,000 സാംപിളുകളാണ് പരിശോധിച്ചത്. 18 - 45 വയസുള്ള 43.3 ശതമാനത്തിനും 46 - 60 വയസുള്ള 39.5 ശതമാനത്തിനും 60വയസിന് മുകളിലുള്ള 17.2 ശതമാനത്തിലും രോഗം വന്നിട്ടുണ്ടാകുമെന്നാണ് സർവേ റിപ്പോർട്ട്. സർവേയിൽ പങ്കെടുത്തവരിൽ 51.5 ശതമാനവും സ്ത്രീകളാണ്.
ഡൽഹിയിൽ താമസിക്കുന്ന മൂന്നിലൊന്ന് പേർക്കും കൊവിഡ് ബാധയുണ്ടായെന്നും ഇവരുടെ ശരീരത്തിൽ ആന്റിബോഡി സാന്നിദ്ധ്യമുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ സിറോ സർവേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 45,62,414 പേർക്ക് കൊവിഡ് ബാധിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 96,551 പുതിയ കേസുകളും 1,209 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |