കയ്പമംഗലം: സർക്കാർ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാൻ തയ്യാറാവുന്ന സന്നദ്ധ സംഘടനകളുടെ ജാതകം നോക്കിയിട്ടല്ല പാവപ്പെട്ട ജനങ്ങൾക്ക് വീട് നിർമ്മിക്കാൻ അനുമതി നൽകിയതെന്നും മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട 14 കുടുംബങ്ങൾക്ക് പെരിഞ്ഞനം പഞ്ചായത്ത് നൽകിയ ഭൂമിയിൽ റോട്ടറി ക്ലബ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം കുറ്റിലക്കടവ് ഫ്‌ളാറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ഓൺ ലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ലൈഫ് മിഷൻ സർക്കാരിന്റെ വ്യത്യസ്ത വകുപ്പുകളും, മനുഷ്യ സ്നേഹികളും സന്നദ്ധസംഘടനകളും ഭൂമിയും വീടും ഇല്ലാത്തവർക്ക് വീടു നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ്. രണ്ട് പ്രളയങ്ങളുടെയും കൊവിഡ് മഹാമാരിയുടെയും മറ്റും നിരവധി പ്രതിസന്ധികൾ നേരിടുമ്പോഴും സർക്കാർ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് 2.525 ലക്ഷം വീടുകൾ നിർമ്മിച്ചു കഴിഞ്ഞു. മൂന്നാം ഘട്ടത്തിൽ ഭവന സമുച്ചയം പദ്ധതിയിൽ 217 ഫ്‌ളാറ്റുകളുടെ നിർമ്മാണം കഴിഞ്ഞു. പെരിഞ്ഞനത്ത് മാതൃക കാണിച്ച റോട്ടറി ക്ലബിനെയും പെരിഞ്ഞനം പഞ്ചായത്ത് ഭരണ സമിതിയെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കളക്ടർ എസ്. ഷാനവാസിന് വീടുകളുടെ താക്കോൽ കൈമാറി. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത്, റോട്ടറി ഡിസ്ട്രിക്ട് ക്ലബ് മുൻ ഗവർണർ എ. വി പതി, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ ജോസ് ചാക്കോ എന്നിവർ മുഖ്യാതിഥിയായി. പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസ് മാനേജർ ഫാത്തിമ മോഹൻ, ജില്ല റോട്ടറി ക്ലബ് കോർഡിനേറ്റർ, ടി.ജി സച്ചിത്ത് , കൊടുങ്ങല്ലൂർ തഹസിൽദാർ കെ. രേവ, പഞ്ചായത്ത് സെക്രട്ടറി പി. സുജാത എന്നിവർ സംസാരിച്ചു. കനോലി കനാലിനോട് ചേർന്ന് 60 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് റോട്ടറി ക്ലബ്ബിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവഴിച്ച് ഭവനസമുച്ചയം പണിപൂർത്തീകരിച്ചത്. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ഡയറക്ടർ ഡോ. ശങ്കർ രൂപകല്പന ചെയ്ത വീടുകൾ ഓരോന്നും 530 ചതുരശ്ര അടി വീതമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |