പാറശാല : പ്രാദേശിക നേതാക്കളുടെ പീഡനം സഹിക്കാനാകാതെ കഴിഞ്ഞ ദിവസം പാർട്ടി കെട്ടിടത്തിൽ തൂങ്ങി മരിച്ച സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം ആശയുടെ (39) മൃതദേഹം സംസ്കരിച്ചു. മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതിനെ തുടർന്ന് നേരിയ സംഘർഷമുണ്ടായി. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.30തോടെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങി. രണ്ടുമണിയോടെ പാറശാല ഏരിയാ കമ്മിറ്റി സെക്രട്ടറി അജയന്റെ നേതൃത്വത്തിൽ വിലാപയാത്ര പുറപ്പെട്ടു. 2.45ന് ചെങ്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ആംബുലൻസ് എത്തിയപ്പോഴേക്കും സ്ഥലത്ത് റിലേ സത്യഗ്രഹം നടത്തി വന്ന കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞ് റീത്ത് സമർപ്പിക്കാൻ ഒരുങ്ങി. ഇത് സി.പി.എം പ്രവർത്തകർ അനുവദിച്ചില്ല. ഇതോട സ്ഥത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടു. വാക്കേറ്റവും ഉന്തും തള്ളുമായപ്പോൾ പൊലീസ് ലാത്തി വീശി. കെ.പി.സി.സി സെക്രട്ടറി ആർ.വത്സൻ ഉൾപ്പെടയുള്ളവർക്ക് പരിക്കേറ്റു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പിൻമാറി. പ്രദേശത്തെ കൂടുതൽ പാർട്ടി പ്രവർത്തകരുടെയും പൊലീസിന്റെയും അകമ്പടിയോടെ മൃതദേഹം 3.10ഓടെ ഉദിയൻകുളങ്ങര അഴകിക്കോണത്തെ വീട്ടിലെത്തിച്ചു. നിരവധി സി.പി.എം പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് വലയത്തിലായിരുന്നു വീടും പരിസരവും. തുടർന്ന് ആശയുടെ മക്കളും മറ്റു കുടുംബാംഗങ്ങളും അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മൃതേദഹം തൈക്കാട് ശാന്തികവാടത്തിലേക്ക് കൊണ്ടുപോയി. നിരവധി പാർട്ടിപ്രവർത്തകരും പൊലീസും വിലാപയാത്രയെ അനുഗമിച്ചു. അഞ്ചു മണിയോടെ സംസ്കാരം പൂർത്തിയായി.
കേസടുക്കാതെ പൊലീസ്
ആശയുടെ മൃതദേഹത്തിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെങ്കിലും അതിൽ പരാമർശിക്കുന്ന നേതാക്കളായ കൊറ്റാമം രാജൻ, അലത്തറവിളാകം ജോയി എന്നിവർക്കെതിരെ പൊലീസ് കേസടുക്കാത്തിൽ ബന്ധുക്കൾ ഉൾപ്പെടെ പ്രതിഷേധത്തിലാണ്.ഇവരുവരുടെയും മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആശ കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്ന നിലപാടിലാണ് പൊലീസ്.വ്യാഴാഴ്ച വൈകിട്ട് ചെങ്കലിൽ നടന്ന പാർട്ടി യോഗത്തിന് ശേഷം ആശ വീട്ടിൽ മടങ്ങിയെത്തിയില്ല. വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് രാത്രി 8.30തോടെ വീടിന് നൂറ് മീറ്റർ അകലെയുള്ള പാർട്ടി കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാറശാല സി.ഐ. റോബർട്ട് ജോണിനാണ് അന്വേഷണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |