ന്യൂഡൽഹി: അതിർത്തി കടന്നുവെന്നാരോപിച്ച് ചൈനീസ് സൈന്യം പിടികൂടിയ അരുണാചൽ പ്രദേശ് സ്വദേശികളായ അഞ്ച് യുവാക്കളെ തിരികെയെത്തിച്ചതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. പത്ത് ദിവസത്തിന് ശേഷമാണ് ഇവരെ ഇന്ത്യൻ സേനയിലെ ലെഫ്‌റ്റനന്റ് കേണൽ ഹർഷ് വർദ്ധൻ പാണ്ഡെയുടെ നേതൃത്വത്തിൽ തിരികെയെത്തിക്കുന്നത്. ചൈനീസ് സേനയായ പി.എൽ.എ ഇന്നലെ യുവാക്കളെ കൈമാറുകയായിരുന്നു. ഇവരെ കൊവിഡ് പ്രോട്ടോകോൾ പ്രകാരം 14 ദിവസം ക്വാറന്റൈനിൽ പാർപ്പിച്ച ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറുമെന്ന് സേനാ വക്താവ് അറിയിച്ചു.
“എല്ലാ ഔപചാരിക കടമ്പകളും പൂർത്തിയാക്കിയ ശേഷം ഇന്നലെ ഇന്ത്യൻ സൈന്യം അഞ്ച് പേരെയും കിബിറ്റുവിൽ നിന്ന് ഏറ്റെടുത്തുവെന്ന്' കരസേന പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടിനാണ് ടാഗിയാൻ ഗോത്ര വിഭാഗക്കാരായ അഞ്ച് യുവാക്കളെ നിയന്ത്രണ രേഖ കടന്നു എന്ന കാരണത്തിന് ചൈന പിടികൂടിയത്. ഇരു രാജ്യങ്ങളെയും വേർതിരിക്കുന്ന മക്മോഹൻ രേഖ പ്രദേശത്ത് വേട്ടയാടാനും പച്ചമരുന്നുകൾ ശേഖരിക്കാനും പോയതായിരുന്നു ഇവർ.
യുവാക്കളിൽ ഒരാളുടെ സഹോദരനാണ് സമൂഹമാദ്ധ്യമങ്ങളിൽ ചൈനീസ് പട്ടാളം ഇവരെ തട്ടിക്കൊണ്ടുപോയതായി പോസ്റ്റ് ഇട്ടത്. കോൺഗ്രസ് നേതാവും എം.എൽ.എയുമായ നിനോംഗ് എറിംഗ് സംഭവത്തെക്കുറിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം ചർച്ചയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |