ഹരിപ്പാട് : പാടശേഖരങ്ങളിൽ തൊഴിലാളി ക്ഷാമം രൂക്ഷമായ അപ്പർ കുട്ടനാട്ടിൽ ലേബർ ബാങ്ക് ആരംഭിക്കുമെന്ന കെ.എസ്.കെ.ടി.യുവിന്റെ പ്രഖ്യാപനം ഒരു പതിറ്റാണ്ടു പിന്നിട്ടിട്ടും പ്രാവർത്തികമായില്ല.പുതുതലമുറ കാർഷിക മേഖലകളിൽ നിന്ന് അകന്നതും പഴയ തലമുറയിലെ തൊഴിലാളികൾ വാർദ്ധക്യത്തിന്റെ പിടിയിലായതുമാണ് തൊഴിലാളിക്ഷാമത്തിന് ആക്കം കൂട്ടിയത്. കാർഷിക മേഖലയിൽ ഇപ്പോൾ സ്ത്രീ തൊഴിലാളികളെ ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഒരു പരിധി വരെ കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചു. അനവസരത്തിലുള്ള തൊഴിലുറപ്പു ഗ്രാമസഭകളും ,അതിലൂടെ തയ്യാറാക്കുന്ന തൊഴിലുമാണ് കാർഷീക തൊഴിൽ രംഗത്തെ താറുമാറാക്കുന്നതിന് കാരണം. പുഞ്ച കൃഷി സീസണാകുമ്പോൾ വനവത്കരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുക, കരപ്പുരയിടങ്ങൾ വൃത്തിയാക്കുക, പാതയോരങ്ങൾ ശുചീകരിക്കുക തുടങ്ങിയ പദ്ധതികളാണ് തൊഴിലുറപ്പു ഗ്രാമസഭകളിലൂടെ പാസാക്കിയെടുക്കുന്നത്. ഇത് അനവസരത്തിലെ പദ്ധതികളാണന്ന് കർഷകരും പാടശേഖര സമിതികളും ആരോപിക്കുന്നു. ഇവർ കൃഷി സീസണിൽ മറ്റ് തൊഴിൽ മേഖലകളിലേക്ക് പറിച്ചു നടപ്പെടുന്നതാണ് അപ്പർ കുട്ടനാട്ടിലെ കാർഷീക വൃത്തി പ്രതിവർഷം ചുരുങ്ങാൻ കാരണം. ഫലം ഭക്ഷ്യോൽപാദനം ഗണ്യമായി കുറയുന്നു.
അങ്ങനെയും ഒരു കാലം
വിളവെടുപ്പിനും കള പറിയ്ക്കുന്നതിനുമൊക്കെ പാസ് നൽകി പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തൊഴിലാളികളെ പാടത്തിറക്കിയിരുന്ന ഒരു കാലം അപ്പർ കുട്ടനാട്ടിലുണ്ടായിരുന്നു. പുഞ്ചകൃഷി വിളവെടുപ്പിൽ തൊഴിലാളി ബാഹുല്യം കണക്കിലെടുത്ത് പാടശേഖരം മധ്യഭാഗത്ത് വെച്ച് രണ്ടായി ഭാഗിച്ച് രണ്ട് കൂട്ടർക്ക് കൊയ്ത്തിന് അവസരമൊരുക്കിയതും പതിറ്റാണ്ടുകൾക്ക് മുമ്പ് കുട്ടനാട്,അപ്പർ കുട്ടനാട് മേഖലകളിൽ പതിവ് കാഴ്ചയായിരുന്നു. ഇന്ന് ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതെ വലയുകയാണ് കർഷകർ.
54000 : ജില്ലയിൽ ആകെ 54000 ഹെക്ടർ നെൽവയൽ
35000 : കൃഷിയിറക്കുന്നത് ഹെകടറിൽ താഴെ
തൊഴിലുറപ്പുമായി ചേർന്നാൽ
കൃഷി സീസണിൽ പാടശേഖരങ്ങളിലെ മാലിന്യം നീക്കൽ , ജല നിർഗമന തോടുകളുടെ ആഴം കൂട്ടൽ, വരമ്പ് കുത്ത് തുടങ്ങിയ കൃഷി അനുബന്ധ തൊഴിലുകൾ ഗ്രാമസഭകൾ വഴി പാസാക്കിയാൽ കർഷകർക്ക് തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും കൃഷി ചെലവുകളിൽ നേരിയ ആശ്വാസം കണ്ടെത്താനും കഴിയും. കാർഷിക മേഖലയെ തൊഴിലുറപ്പു പദ്ധതിയുടെ കീഴിൽ കൊണ്ടു വന്നാൽ തൊഴിലാളി പ്രശ്നം പരിഹരിക്കാൻ കഴിയും. ഓരോ വാർഡുകൾ കേന്ദ്രീകരിച്ചും കുടുംബശ്രീ വഴിയോ ,മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു വഴിയോ അറുപതിലധികം തൊഴിലാളികളുണ്ട്. ഇവർ കൃഷി സീസണിൽ മറ്റ് തൊഴിൽ മേഖലകളിലേക്ക് പറിച്ചു നടപ്പെടുന്നതാണ് അപ്പർ കുട്ടനാട്ടിലെ കാർഷീക വൃത്തി പ്രതിവർഷം ചുരുങ്ങാൻ കാരണം.
'' പഞ്ചായത്ത് അടിസ്ഥാനത്തിൽ കർഷക തൊഴിലാളി തൊഴിൽ സേന (ഗ്രീൻ ആർമി) രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്. ചാരിറ്റബിൾ സൊസൈറ്റി ആക്ട് അനുസരിച്ച് എല്ലാ പഞ്ചായത്തുകളിലും നൂറ് പേരടങ്ങുന്ന സേനയാണ് രൂപീകരിക്കുന്നത്. യന്ത്രങ്ങൾ ഉൾപ്പടെ പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ചിട്ടുള്ള തൊഴിലാളികളെ തൊഴിലിൽ വിന്യസിക്കുകയാണ് ലക്ഷ്യം. മാതൃകാപരമായി ചേപ്പാട് പഞ്ചായത്തിൽ ഇ.കെ നായനാർ സ്മാരക തൊഴിൽ സേന പ്രവർത്തനം ആരംഭിച്ചു. എല്ലാ പഞ്ചായത്ത് മുനിസിപ്പൽ പ്രദേശങ്ങളിലും രജിസ്ട്രേഷൻ കഴിഞ്ഞു. ഉടൻ പ്രവർത്തനം ആരംഭിക്കും. എം.സത്യപാലൻ (കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |