പടിഞ്ഞാറത്തറ: ദിവസവും ആയിരക്കണക്കിന് സഞ്ചാരികളെത്തിയിരുന്ന മീൻമുട്ടി വെള്ളച്ചാട്ടത്തിലേയ്ക്കുള്ള പ്രവേശനത്തിന് വിലക്ക് വീണിട്ട് ഒന്നര വർഷം പിന്നിടുന്നു. കൂറ്റൻ പാറക്കല്ലുകൾക്കിടയിലൂടെ വെള്ളം നുരഞ്ഞ് ചാടുന്ന മനോഹരമായ കാഴ്ചയും നീന്തൽക്കുളങ്ങളുടേതിന് സമാനമായ വെള്ളക്കെട്ടുകളുമൊക്കെയായിരുന്നു സഞ്ചാരികളെ ഇവിടേയ്ക്കാകർഷിച്ച മുഖ്യ ഘടകങ്ങൾ. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബാണാസുര അണക്കെട്ടിന്റെ സമീപത്താണെന്നുതും മീൻമുട്ടിയുടെ പ്രത്യേകതയായിരുന്നു.
വെള്ളച്ചാട്ടത്തിലേയ്ക്കുള്ള നടപ്പാതകളെല്ലാം ഇപ്പോൾ കാട് മൂടി തകർന്ന് കിടക്കുകയാണ്.
വനേതര പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് പ്രകൃതി സംരക്ഷണ സമിതി കോടതിയിൽ നൽകിയ പരാതിയെത്തുടർന്ന് കുറുവ ദ്വീപ്, സൂചിപ്പാറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളോടൊപ്പം 2019 ഫെബ്രുവരി 25 മുതൽ മീൻമുട്ടിയും അടഞ്ഞ് കിടക്കുകയാണ്. ഇവിടെ ജോലി ചെയ്തിരുന്ന 52 തൊഴിലാളികൾക്ക് ജോലി ഇല്ലാതാവുകയും ഇരുപത്തഞ്ചോളം ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടേണ്ടിയും വന്നു.
"പരിസ്ഥിതിയുമായ് ചേർന്ന് പോകുന്ന ഇക്കോ ടൂറിസം കേന്ദ്രമാണ് മീൻമുട്ടിയിലേത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി നിലവിലുള്ള കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. സഞ്ചാരികൾക്കായ് കേന്ദ്രം തുറന്ന് കൊടുക്കുന്നതിന് അനുകൂലമായ വിധി കോടതിയിൽ നിന്ന് വരുമെന്ന് തന്നെയാണ് പ്രതീക്ഷ"
ശിവദാസ്
പ്രസിഡന്റ് , വന സംരക്ഷണ സമിതി മീൻമുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |