ചവറയിൽ ആകെ കൺഫ്യൂഷനാണ്. തിരഞ്ഞെടുപ്പ് മാറ്റിയാലും ഇല്ലെങ്കിലും മണ്ഡലം ഇനി ആരുടെ കൈയിൽ പോകുമെന്നാണ് ജനം ചോദിക്കുന്നത്. തികച്ചും അട്ടിമറിയെന്നൊക്കെ പറയും പോലെയായിരുന്നു വിജയൻ പിള്ളയുടെ വരവ്. ഷിബു ബേബി ജോണിൽ നിന്ന് ചവറയെ ഒരു പിടിച്ചെടുക്കലായിരുന്നു.
അമിത ആത്മവിശ്വാസം ഷിബുവിന്റെ ശത്രുവായിരുന്നുവെന്ന് അറിയാനും വൈകി. ഇനിയും മണ്ഡലം ഷിബുവിന്റെ കൈയിൽ പോകാതെ കാക്കാനാണ് സി.പി.എമ്മിന്റെ കരുതിക്കൂട്ടിയുള്ള നീക്കം. മണ്ഡലത്തിൽ എപ്പോഴും നിറഞ്ഞുനിന്നിരുന്ന, ചവറയുടെ മുക്കിലും മൂലയിലും ഓടിയെത്തിയിരുന്ന എല്ലാവരുടെയും വിജയണ്ണനായ വിജയൻപിള്ളയുണ്ടായിരുന്നെങ്കിൽ ഷിബുവിനോളം പോന്ന സ്ഥാനാർത്ഥി തന്നെയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും സ്വന്തക്കാരനായി മാറിയാണ് വിജയൻ പിള്ള മണ്ഡലം പിടിച്ചത്. അതുപോലെ ആരെങ്കിലും വന്നാലേ ഷിബുവിന് ഒത്ത സ്ഥാനാർത്ഥിയാവൂ എന്നാണ് നാട്ടുഭാഷ്യം. ഇടതുപക്ഷം സ്ഥാനാർത്ഥികളാക്കാൻ പരിഗണിക്കുന്നവരുടെ പേരുകൾ കേട്ട് നാട്ടുകാർ പറയുന്നത് ഇങ്ങനെയാ- ഉപ്പോളം വരുമോ ഉപ്പിലിട്ടത്.
യു.ഡി.എഫ് പക്ഷത്തുള്ള ജനതാദൾകാർ കൊട്ടുകാട്ടിലും പരിസരത്തുമെല്ലാം ഷിബുവിന്റെ പോസ്റ്ററും ബാനറുമൊക്കെ വച്ച് പ്രചാരണം തുടങ്ങിയപ്പോഴെ ഇടത് മുന്നണിയും സി.പി.എമ്മും വല്ലാതെ വിളറി പൂണ്ടിരുന്നു. നമ്മളിനി ഇങ്ങനയൊക്കെ എപ്പോഴാണോ ചെയ്യുക. അപ്പോഴല്ലേ വേറൊരു സി.പി.എം നേതാവിന്റെ പേരുമായി സൈബർ പോരാളികൾ രംഗത്ത് വന്നത്. നേതൃത്വം ഇടപെട്ട് അത്തരം പ്രചാരണത്തെ തടഞ്ഞതോടെ ചവറയിലെ പാർട്ടിക്കാർക്ക് വീണ്ടും കൺഫ്യൂഷനായി. ഇങ്ങനെ പോയാൽ വിജയം അത്ര എളുപ്പമല്ലെന്ന് പറഞ്ഞ അവർ ചൂണ്ടിക്കാട്ടുന്നത് മറ്റൊന്നാണ്. യു.ഡി.എഫിന് ഒരൊറ്റ സ്ഥാനാർത്ഥിയെ ഉള്ളൂ. അത് മണ്ഡലത്തിലെല്ലാവർക്കും അറിയാം. നമുക്കും അത്തരം പ്രചാരണത്തിലേക്ക് മാറിക്കൂടെ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |