കാസർകോട്: പുല്ലൊടി അങ്കണവാടിയിലെ വർക്കർ എം. ലക്ഷ്മിക്കുട്ടി നീല പൂക്കൾ തേടി എത്തിയത് അച്ഛനും അമ്മയും താമസിക്കുന്ന കരിന്തളം കോയിത്തട്ടയിലെ പാറയുടെ മുകളിൽ. കരിന്തളം പാറയുടെ മുകളിൽ നിറയെ കാക്കപ്പൂവ് കണ്ട ടീച്ചറുടെ ഉള്ളം കുളിർത്തു. ലക്ഷ്മിക്കുട്ടി മടങ്ങിയത് പാറപ്പുറത്ത് നിന്നും കിട്ടാവുന്ന കാക്ക പൂവുകൾ മുഴുവൻ നുള്ളിയെടുത്ത്.
പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി പോഷകാഹാരങ്ങളും മറ്റു വസ്തുക്കളും നിറങ്ങളിലൂടെ കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും പരിചയപ്പെടുത്തുന്ന നവീന പരിപാടിക്കായി നീലപ്പൂവ് നുള്ളാൻ ഇറങ്ങിയതാണ് ഈ വർക്കർ. കൂട്ടത്തിൽ ഹൈഡ്രാഞ്ചി പൂവ്, കോളാമ്പി പൂവ് എന്നിവയെല്ലാം ശേഖരിച്ചു. ഞായറാഴ്ച അങ്കണവാടി വർക്കർമാർക്ക് നൽകിയ നിറം നീലയായിരുന്നു. പൂക്കളും നീല വസ്തുക്കളും ശേഖരിച്ചു വീട്ടിൽ തിരിച്ചെത്തിയ ഇവർ കുട്ടികൾക്ക് ഓൺലൈനിലൂടെ മനോഹരമായ പൂക്കളുടെ ദൃശ്യങ്ങൾ പരിചയപ്പെടുത്തി. എല്ലാം നീലനിറമുള്ളവ. അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും കുട്ടികളും ഓൺലൈനിൽ എത്തിയത് തിളങ്ങുന്ന നീല വസ്ത്രം അണിഞ്ഞായിരുന്നു.
നീല നിറമുള്ള പച്ചക്കറികൾ, വർണ്ണ കടലാസുകൾ, നൂലുകൾ, പക്ഷികൾ, പത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ കാണിച്ചു കൊടുത്തപ്പോൾ കുട്ടികളുടെ മനസ്സിൽ ഇവയുടെയെല്ലാം നിറം നീലയാണെന്ന് ഉറച്ചു. തുടർന്ന് ചുരുങ്ങിയ വാക്കുകളിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണം.
പോഷകാഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കേണ്ട വിധവും വിറ്റാമിൻ അടങ്ങിയ വസ്തുക്കളും പ്രകൃതി ദത്തമായ വിറ്റാമിനുകൾ എന്തൊക്കെയെന്നും പറഞ്ഞു കൊടുത്തു. ഇതിന്റെയെല്ലാം വീഡിയോ എടുത്ത് ടീം ക്‌ളാസിലേക്ക് അയച്ചു കൊടുത്തു. ഓരോ ദിവസവും ഓരോ കളറാണ് നൽകുന്നത്. ആദ്യ ദിവസമായ ശനിയാഴ്ച നൽകിയത് വയലറ്റ് നിറം ആണ്. പച്ച, മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളും അടുത്ത ദിവസങ്ങളിൽ വരുന്നുണ്ട്. അവസാന ദിവസം മഴവില്ലിന്റെ നിറങ്ങളിൽ പോഷക സമ്പുഷ്ടമായ ഭക്ഷണത്തെ പരിചയപ്പെടുത്തും. നിറങ്ങളുടെ പൊലിമയിൽ കുഞ്ഞുങ്ങളും രക്ഷിതാക്കളും ഹാപ്പിയാണ്. കാസർകോട് ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാ റാണി രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരമാണ് ജില്ലയിലെ അങ്കണവാടികളിൽ നവീനമായ ഈ പരിപാടി നടപ്പിലാക്കുന്നത്.
നൂതനമായ ഈ പരിപാടി ഏറെ ആകർഷകമാണ്. കുട്ടികളുടെ മനസ്സിൽ ഓരോ സാധനത്തിന്റെയും നിറങ്ങൾ എന്നും മായാതെ കിടക്കും
എം ലക്ഷ്മിക്കുട്ടി
(പുല്ലൊടി അങ്കണവാടി വർക്കർ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |