അരുവിക്കര : കൊവിഡ് കാല അതിജീവനത്തിൽ സംയോജിത കാർഷിക മുന്നേറ്റത്തിന്റെ വിജയഗാഥയുമായി തലസ്ഥാനത്തിന്റെ സ്വന്തം ശുദ്ധജലഗ്രാമം. പശു-ആട് വളർത്തൽ, മുട്ടക്കോഴി വളർത്തൽ, തേനീച്ച വളർത്തൽ, നെൽകൃഷി, ജൈവ പച്ചക്കറി കൃഷി, മത്സ്യക്കൃഷി, അടുക്കളത്തോട്ടം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെയാണ് അരുവിക്കര ശ്രദ്ധ നേടുന്നത്. വരാൻ പോകുന്ന ഭക്ഷ്യപ്രതിസന്ധി മുൻകൂട്ടി കാണണമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനെ തുടർന്ന് ആരംഭിച്ചതാണ് ഇതെല്ലാം. യുവാക്കളുൾപ്പെടെ നൂറുകണക്കിന് കർഷകരാണ് ഇതിനായി ചുക്കാൻ പിടിക്കുന്നത്. പണം മുടക്കാൻ അരുവിക്കര ഫാർമേഴ്‌സ് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കും മുന്നോട്ടുവന്നതോടെ തരിശുനിലങ്ങളും കാടുമൂടിയ പുരയിടങ്ങളും ഫലസമൃദ്ധമായ കൃഷിയിടങ്ങളായി മാറി.
വീടിന്റെ പരിസരങ്ങളിൽ നിന്ന് അപ്രത്യക്ഷമായ കാലിത്തൊഴുത്തുകളും കോഴിക്കൂടുകളുമെല്ലാം വീണ്ടും മടങ്ങിയെത്തിക്കഴിഞ്ഞു. പാഴ്നിലങ്ങളും പുതുവൽ തടങ്ങളുമെല്ലാം കാലികൾക്കുള്ള പച്ചപ്പുല്ല് കൃഷി ചെയ്യുന്ന ഇടങ്ങളായി മാറി. അരുവിക്കര പഞ്ചായത്തിലെ 18 വാർഡുകളിലും മത്സര സ്വഭാവത്തിലാണ് സംയോജിത കൃഷിയിലെ മുന്നേറ്റം.
ഇവരാണ് താരങ്ങൾ
കരുമരക്കോട് സ്വദേശി സ്റ്റാലിനും ഭാര്യ ജയകുമാരിക്കും മകൻ ബിജുവിനും കൃഷി ജീവനാണ്. വീടും പരിസരവുമാകെ വ്യത്യസ്ത ഇനം വിളകളും പഴവർഗങ്ങളുമാണ്. ബാങ്ക് അനുവദിച്ച മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് രണ്ടര ഏക്കർ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയും അടുക്കളത്തോട്ടവും ആരംഭിച്ചു. പതിനായിരം കോഴിക്കുഞ്ഞുങ്ങളുള്ള നാല് ഫാമുകളുടെ ഉടമസ്ഥർ കൂടിയാണിവർ. ഇറയംകോട്ടെ ദമ്പതികളായ മനോജ്കുമാറും ഷീബയും നാടിന്റെ കണ്ണിലുണ്ണികളായതും കാർഷിക വിപ്ലവത്തിലൂടെയാണ്. നാടൻ, ഗീർ, ജഴ്‌സി, എച്ച്.എസ്, വെച്ചൂർ ഇനങ്ങളിൽപ്പെട്ട 24 പശുക്കളെ ഇവർ പോറ്റുന്നു. 120 ലിറ്റർ പാലാണ് പ്രതിദിനം ലഭിക്കുന്നത്. ഇങ്ങനെ കൊവിഡ് കാല കാർഷിക വായ്പ ഉപയോഗിച്ച് കൃഷിയിൽ കരുത്ത് തെളിയിച്ചവരുടെ എണ്ണം ആയിരത്തിലേറെയാണ്. അരുവിക്കര ബാങ്കിൽ അഡ്വ.ആർ. രാജ്മോഹന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നാടിന്റെ കാർഷിക മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്.
ബാങ്കിന്റെ സംഭാവന ഇങ്ങനെ....
പശു,ആട്,മുട്ടക്കോഴി, തേനീച്ച വളർത്തലിന് കുറഞ്ഞ പലിശയിൽ (6.8 % ) 75 ലക്ഷം രൂപ വായ്പ
ജൈവ പച്ചക്കറി കൃഷിക്ക് 46 ലക്ഷം രൂപ വായ്പ
തൊഴിൽ രഹിതർക്ക് 80, 50 ലക്ഷം രൂപ സംരംഭക വായ്പ
അരയേക്കർ നിലം പാട്ടത്തിനെടുത്ത് സ്വന്തം നിലയിൽ നെൽകൃഷി
5,000 മുതൽ 20,000 രൂപ വരെ അയൽക്കൂട്ടങ്ങൾക്ക് നൽകി. ആകെ 55 ലക്ഷം രൂപ.
500 കർഷകർക്ക് വിദഗ്ദ്ധ പരിശീലനം
ഉത്പന്നങ്ങൾ ഓണച്ചന്തകൾ വഴി വിറ്റഴിച്ചു
''
ഉപാധി കൂടാതെ കർഷകർക്ക് വായ്‌പ അനുവദിക്കും. 1.36 കോടി രൂപയുടെ മത്സ്യകൃഷി പദ്ധതി സബ്‌സിഡി നിരക്കിൽ ആരംഭിക്കും. കൂട്ടായ പരിശ്രമമാണ് സംയോജിത കൃഷിയിലെ വിജയം""
അഡ്വ.ആർ.രാജ്‌മോഹൻ (പ്രസിഡന്റ്,
അരുവിക്കര ഫാർമേഴ്‌സ് ബാങ്ക്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |