കിളിമാനൂർ: വിനോദ സഞ്ചാര സീസൺ ആരംഭിക്കാനിരിക്കെ മേഖലയിൽ കൂടുതൽ ഇളവുകൾ നൽകണമെന്ന ആവശ്യം ശക്തമാകുന്നു. വിനോദസഞ്ചാര മേഖലയെ പരോക്ഷമായി ആശ്രയിച്ച് കഴിയുന്നവരാണ് കൊവിഡ് മഹാമാരിക്കിടയിൽ വീർപ്പുമുട്ടുന്നത്. വേനൽക്കാല അവധിയും ഓണക്കാലവും കൊവിഡ് കൊണ്ടുപോയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് വിനോദസഞ്ചാര മേഖലയിൽ ഉണ്ടായിരിക്കുന്നത്. കുട്ടികൾക്കായി പല കേന്ദ്രങ്ങളിലും വാങ്ങിയിട്ടിരുന്ന കളിക്കോപ്പുകളടക്കം തുരുമ്പെടുത്തും അല്ലാതെയും നശിച്ചു. ടൂറിസം കേന്ദ്രത്തിന് സമീപത്തെ ലോണെടുത്തും കടംവാങ്ങിയും ചെറുകിട സംരഭങ്ങൾ തുടങ്ങിയവരുടെ ജീവിതവും ഇന്ന് പ്രതിസന്ധിയുടെ നടുവിലാണ്. സെപ്തംബർ പകുതിയിൽ ആരംഭിച്ച് മേയ് പകുതിവരെ നീണ്ടുനിൽക്കുന്നതാണ് കേരളത്തിലെ വിനോദ സഞ്ചാര സീസൺ. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ വിദേശ വിനോദ സഞ്ചാരികൾ എത്താൻ സാദ്ധ്യതയില്ല എന്നതിനാൽ ഈ രംഗത്ത് മുതൽ മുടക്കിയവർ കടുത്ത നിരാശയിലാണ്. അതുകൊണ്ടുതന്നെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര ടൂറിസത്തിന് അനുമതി ലഭിച്ചില്ലെങ്കിൽ ടൂറിസം മേഖല പൂർണമായി തകരുമെന്നാണ് സംരംഭകർ പറയുന്നത്. ഇളവ് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുകയാണെങ്കിൽ ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുന്ന നൂതന പദ്ധതികളൊരുക്കാൻ സുസജ്ജമാണെന്നാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നിലപാട്. ഇതിനുള്ള നടപടികൾ വേണമെന്നാണ് പൊതുവേയുള്ള ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |