ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്‌റ്റംസ് പിടിച്ചെടുത്ത 30കിലോ സ്വർണം വന്നത് യു.എ.ഇ കോൺസുലേറ്റിന്റെ പേരിലുള്ള നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ വ്യക്തമാക്കി. നയതന്ത്ര ബാഗേജ് വഴിയല്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നത്.
എന്നാൽ, എൻ.കെ.പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ ഉന്നയിച്ച ചോദ്യത്തിന്
കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ രേഖാമൂലം നൽകിയ മറുപടിയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം വന്ന വിവരം കസ്റ്റംസ് കമ്മിഷണർ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചെന്ന് പറയുന്നു. മുഖ്യപ്രതി വൻസ്വാധീനമുള്ള വ്യക്തിയാണെന്നും മറുപടിയിൽ പറയുന്നുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ വന്ന ബാഗേജ് തുറന്ന് സ്വർണം കണ്ടെടുത്തത്. കസ്‌റ്റംസും എൻ.ഐ.എയും നടത്തിയ അന്വേഷണത്തിൽ 16 പേർ അറസ്‌റ്റിലായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അഞ്ചു കേസുകളെടുത്തിട്ടുണ്ട്.
അന്വേഷണം നല്ല രീതിയിൽ നടക്കാൻ നടപടികളെടുത്തിട്ടുണ്ടെന്നും ധനമന്ത്രാലയം വിശദീകരിക്കുന്നു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും മറുപടിയിലുണ്ട്.
കള്ളക്കടത്ത് സ്വർണക്കണക്ക്
കേരളത്തിലെ വിമാനത്താവളങ്ങളിൽ അഞ്ചു വർഷത്തിനുള്ളിൽ പിടിച്ചെടുത്ത കള്ളക്കടത്ത് സ്വർണത്തിന്റെ വിവരം പുറത്തുവിട്ടു.
വർഷം കേസുകൾ പിടിച്ച സ്വർണം അറസ്‌റ്റിലായവർ സ്വർണവില
2015-16 2696 2452.147 കിലോ 1408 60667 ലക്ഷം
2016-17 1453 921.805 കിലോ 788 24375 ലക്ഷം
2017-18 2911 1996.930 കിലോ 1525 53133 ലക്ഷം
2018-19 4855 2946.097 കിലോ 2141 83354 ലക്ഷം
2019-20 4444 2629.549 കിലോ 2339 85795 ലക്ഷം
2020-21* 196 103.165 കിലോ 200 4955 ലക്ഷം
(*ആഗസ്‌റ്റ് വരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |