ഏതു സാഹചര്യം നേരിടാനും തയ്യാറെന്ന് രാജിനാഥ് സിംഗ്
ന്യൂഡൽഹി:യഥാർത്ഥ നിയന്ത്രണ രേഖയിലെ തത്‌സ്ഥിതി മാറ്റാനുള്ള ചൈനയുടെ ഒരു ശ്രമവും അംഗീകരിക്കില്ലെന്നും ഏതു സാഹചര്യം നേരിടാനും ഇന്ത്യ തയ്യാറാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകി. ജൂൺ 15ന് ഗാൽവൻ താഴ്‌വരയിൽ ആക്രമണം നടത്തിയ ചൈനയ്ക്ക് ഇന്ത്യൻ സൈനികർ വലിയ ആൾനാശം വരുത്തിയതുൾപ്പെടെ കനത്ത പ്രഹരം ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള സംഘർഷത്തെ പറ്റി ഇന്നലെ ലോക്‌സഭയിൽ പ്രസ്താവന നടത്തുകയായിരുന്നു രാജ്നാഥ് സിംഗ്.
ചൈന പരമ്പരാഗത ധാരണകൾ ലംഘിച്ച് അതിർത്തിയിൽ സമാധാനം കെടുത്തുകയാണ്. അതിർത്തിയിലെ പ്രശ്‌നങ്ങൾ നിലനിൽക്കുന്നു. ചൈനയുടെ നിലപാടുകളാണ് കാരണം. പരമ്പരാഗത അതിർത്തി നിർണയം ചൈന അംഗീകരിക്കുന്നില്ല.
ചൈന എൽ.എ.സിയിലും സമീപത്തും സൈനിക, ആയുധ വിന്യാസം വൻ തോതിൽ വർദ്ധിപ്പിച്ചു. ഇതുമൂലം കിഴക്കൻ ലഡാക്, ഗോഗ്ര, കോംങ്‌ക ലാ, പാംഗോംഗ് തടാകത്തിന്റെ വടക്കും തെക്കും തീരങ്ങൾ എന്നിവിടങ്ങളിൽ സംഘർഷമുണ്ട്. ഇവിടങ്ങളിൽ ഇന്ത്യൻ സൈനികരും ബദൽ വിന്യാസം നടത്തിയിട്ടുണ്ട്.
നമ്മുടെ സൈന്യം എന്നും ഉത്തരവാദിത്വപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് റഷ്യയിലെ ചർച്ചയിൽ ചൈനീസ് പ്രതിരോധ മന്ത്രിയെ ധരിപ്പിച്ചിരുന്നു. നമ്മുടെ അഖണ്ഡതയും അതിർത്തിയും സംരക്ഷിക്കുന്നതിൽ ഒരു വീട്ടുവീഴ്‌ചയുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ സൈന്യത്തിന് പിന്തുണ നൽകണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക് സന്ദർശനം.
മുമ്പുണ്ടായ അതിർത്തി തർക്കങ്ങളെല്ലാം സമാധാനപരമായി പരിഹരിച്ചിരുന്നു. സൈനികരുടെ ബാഹുല്യം, തർക്ക സ്ഥലങ്ങൾ തുടങ്ങിയവ പരിഗണിക്കുമ്പോൾ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്‌തമാണ് - രാജ്നാഥ് പറഞ്ഞു.
രാജ്നാഥിന്റെ പ്രസ്‌താവനയ്‌ക്കു പിന്നാലെ കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് നടത്തി. അതിർത്തി പ്രശ്നത്തിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് പാർലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ പ്രതിഷേധിച്ച എം.പിമാർ പറഞ്ഞു.
ചൈനയുടെ അതിക്രമം ഏപ്രിലിൽ തുടങ്ങി
കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഏപ്രിൽ മുതൽ ചൈന സൈനിക സന്നാഹങ്ങൾ തുടങ്ങി. മേയ് ആദ്യം ഗാൽവൻ താഴ്‌വരയിലെ ഇന്ത്യൻ സേനയുടെ പരമ്പരാഗത പട്രോളിംഗ് തടസപ്പെടുത്തിയതാണ് സംഘർഷമുണ്ടാക്കിയത്
ധാരണകളുടെയും പ്രോട്ടോക്കോളിന്റെയും അടിസ്ഥാനത്തിൽ കമാൻഡർ തലത്തിൽ അത് പരിഹരിക്കാൻ ശ്രമിക്കുമ്പോഴാണ് മേയ് പകുതിയോടെ മറ്റ് സ്ഥലങ്ങളിൽ അതിർത്തി ലംഘിക്കാൻ നിരവധി തവണ ചൈന ശ്രമിച്ചത്
കോങ്‌കാ ലാ, ഗോഗ്ര, പാങ്‌ഗോങ് തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിലാണ് കടന്നുകയറ്റ ശ്രമങ്ങൾ നടന്നത്. അത് കണ്ടെത്തി സൈന്യം ഉചിതമായി പ്രതികരിച്ചു. ഏകപക്ഷീയമായി തത്‌സ്ഥിതി മാറ്റാണ് ചൈനയുടെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |