കോവളം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വെള്ളായണിക്കായലിനോട് ചേർന്ന് വെള്ളത്തിനടിയിലായ പട്ടയഭൂമിയുടെ ഉടമസ്ഥരായ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം. മൂന്ന് വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലെടുത്ത യോഗ തീരുമാനങ്ങൾ നടപ്പായിരുന്നില്ല. ഇതേക്കുറിച്ച് ' വെള്ളായണിക്കായൽ മുക്കിയ കർഷക സ്വപ്‌നങ്ങൾ ' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് വിഷയം സർക്കാർ തലത്തിൽ ചർച്ചയായി. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടയഭൂമിയുള്ള 626 കർഷക കുടുംബങ്ങൾക്ക് നൽകാനുള്ള നഷ്ടപരിഹാരം നിശ്ചയിച്ച് അറിയിക്കാൻ മന്ത്രി കെ. കൃഷ്‌ണൻകുട്ടി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായി വെള്ളായണി പാടശേഖര കായൽ സംരക്ഷണ സമിതി ഭാരവാഹികളായ മുൻ എം.എൽ.എ ജമീലാ പ്രകാശം, ഗോപിനാഥൻ നായർ, കോളിയൂർ ഗോപി, മുട്ടയ്‌ക്കാട് ആർ.എസ്. ശ്രീകുമാർ എന്നിവർ അറിയിച്ചു.
നാൾവഴി
----------------------------
വെള്ളായണി കാർഷിക സർവകലാശാല കൃഷിയിറക്കിയിരുന്ന ഇവിടം ശുദ്ധജല സംഭരണിയായി സംരക്ഷിക്കേണ്ടതിനാൽ വെള്ളം വറ്റിച്ച് നെൽക്കൃഷി ചെയ്യുന്നതിൽ തടസം നേരിട്ടു. 1992ൽ കൃഷിയിറക്കാൻ കഴിയാതെ വന്നതോടെ വെള്ളം നിറഞ്ഞ് കായലിന്റെ ഭാഗമായി മാറുകയായിരുന്നു. ഇതോടെ കായലിന്റെ പടിഞ്ഞാറ് കല്ലിയൂർ പഞ്ചായത്തിലെ പുഞ്ചക്കരി കിരീടം പാലം മുതൽ വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ പനങ്ങോട് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള ഭൂമി വെള്ളത്തിലായി. ഇതിനുശേഷം കൃഷിഭൂമി നഷ്ടപ്പെട്ട പട്ടയ ഉടമകൾ റവന്യൂ വകുപ്പ്, കൃഷി വകുപ്പ്, ജലവിഭവ വകുപ്പ് മന്ത്രിമാർ എന്നിവർക്ക് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു.
നടപടിക്രമങ്ങൾ നാളിതുവരെ
---------------------------------------------------------
1.യു.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ജമീലാ പ്രകാശം എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് കർഷകരുടെ ഭൂമിക്ക് പ്രതിഫലം നൽകി ഏറ്റെടുക്കാനും സ്ഥലം സർവേ ചെയ്‌ത് ഭൂമി കൈവശം വച്ചിരിക്കുന്ന കർഷകരുടെ പട്ടിക തയാറാക്കി ഭൂമി വേലികെട്ടി അതിരുകൾ അടയാളപ്പെടുത്താനും 2013ൽ റവന്യൂ വകുപ്പ് തീരുമാനിച്ചു
2. വെള്ളായണിക്കായൽ സംരക്ഷണം സംബന്ധിച്ച് ഒരു മാനേജ്‌മെന്റ് ആക്ഷൻ പ്ളാൻ തയ്യാറാക്കി പരിസ്ഥിതി വകുപ്പിന് നൽകുകയും ചെയ്‌തു. വിശദമായ പരിശോധനയ്ക്ക് ശേഷം പരിസ്ഥിതി വകുപ്പ് ആവശ്യമായ ശുപാർശ സഹിതം ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റേറ്റ് ലെവൽ ഹിയറിംഗ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു
3. പദ്ധതിക്കായി പട്ടയഭൂമിയുടെ അക്വിസിഷനും സംരക്ഷണത്തിനായി 167.35 കോടി രൂപയും വകയിരുത്തിയിരുന്നു. എന്നാൽ ഓഖി ദുരന്തവും പ്രളയ ദുരന്തങ്ങളും തുടർന്നുണ്ടായ കൊവിഡ് രോഗ ബാധയും കാലവർഷക്കെടുതികളും കാരണം നടപടി നീണ്ടു
നഷ്ടപരിഹാരം ലഭിക്കേണ്ട കർഷക കുടുംബങ്ങൾ - 626
നഷ്ടപ്പെട്ട കൃഷിഭൂമി - 87.19 ഹെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |