ന്യൂഡൽഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പടെ നിരവധി പ്രമുഖരെ നിരീക്ഷിക്കുന്നതിനാെപ്പം ഇന്ത്യയിൽ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായവരെയും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നുവരെയും ചൈന നിരന്തരം നിരീക്ഷിക്കുന്നു എന്ന് റിപ്പോർട്ട്. സാമ്പത്തിക കുറ്റം, ഭീകരവാദം, വാതുവയ്പ്പ്,അഴിമതി, ലഹരികടത്ത് തുടങ്ങിയ കേസുകളിലെ പ്രതികളായ 6000 ഓളം പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ ഇന്ത്യക്കെതിരെ എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്താനാവുമോ എന്നറിയാനാണത്രേ ഇത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പടെയുളളവരെ നിരീക്ഷിക്കുന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
ചൈനയ്ക്ക് പ്രത്യേക താത്പര്യമുളള വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പെട്ടവരെയാണ് നിരീക്ഷിക്കുന്നത്. സത്യം ഗ്രൂപ്പ് ചെയർമാൻ രാമലിംഗ രാജു, പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര, എച്ച് ഡി കുമാരസ്വാമി, മധു കോട എന്നിവർക്കൊപ്പം ഐ പി എൽ വാതുവയ്പ്പ്, സ്വർണക്കടത്ത്, ചന്ദനത്തടി അടക്കമുള്ള വനവിഭവങ്ങളുടെ കടത്ത് എന്നിവയ്ക്ക് ശിക്ഷ അനുഭവിക്കുന്നവരും നിരീക്ഷണത്തിലാണ്. അവയവക്കടത്തിനും മയക്കുമരുന്ന് കടത്തിനും ഭീകരവാദത്തിന് പിടിയിലാവരെയും നിരീക്ഷിക്കുന്നുണ്ട്. ഇതിനൊപ്പം ചില സ്ഥാപങ്ങളും നിരീക്ഷണത്തിന്റെ പരിധിയിലാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ നിന്ന് കടത്തുന്ന രക്തചന്ദനം, ചന്ദനം, അനക്കൊമ്പ്, മറ്റ് വനവിഭവങ്ങൾ തുടങ്ങിയവയ്ക്ക് ചൈനയിൽ ഏറെ ഡിമാൻഡുണ്ട്. അതിനാലാണ് വനവിഭവങ്ങളുടെ കടത്തുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നത്. ഐ പി എല്ലിന്റെ കാര്യത്തിലും ചൈനയ്ക്ക് താത്പര്യമുണ്ട്. നേരത്തേ ചൈനീസ് മൊബൈൽ കമ്പനിയായ വിവോ ഐ പി എൽ ടൈറ്റിൽ സ്‌പോൺസർഷിപ്പ് റൈറ്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് ഈ കരാർ റദ്ദാക്കുകയായിരുന്നു. ചൈനയുമായി ബന്ധമുളള ചില സ്വർണക്കടത്തുകാർ അടുത്തിടെ ഇന്ത്യയിൽ പിടിയിലായിരുന്നു. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് കൂടുതൽപ്പേർ വിധേയാരാവുന്ന രാജ്യങ്ങൾ ഇന്ത്യയും ചൈനയുമാണ്. അതിനാലാണ് അവയവക്കടത്തിന് പിടിക്കപ്പെട്ടവരെയും നിരീക്ഷിക്കുന്നത്.
ചൈനീസ് സർക്കാരുമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുളള ഷെങ്ഹ്വ ഡാറ്റ ഇൻഫോർമേഷൻ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിരീക്ഷണം നടത്തുന്നത്. ഇതിനായിആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ എന്നിവയാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്. 2018 ഏപ്രിലിൽ സ്ഥാപിതമായ കമ്പനിയായ ഷെങ്ഹ്വയ്ക്ക് വിവിധ രാജ്യങ്ങളിലായി 20 പ്രോസസിംഗ് സെന്ററുകളുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |