സ്പെഷ്യൽ റൂൾ ഉൾപ്പെടെയുള്ള നിയമങ്ങൾക്കെതിരെ പണിമുടക്കി പ്രതിഷേധം
കണ്ണൂർ: കാലഹരണപ്പെട്ട സ്പെഷ്യൽ റൂൾ ഉൾപ്പെടെയുള്ള നിയമങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ രംഗത്ത്. വകുപ്പിലെ ഇൻസ്പെക്ടർമാരും അസിസ്റ്റന്റ് ഇൻസ്പെക്ടർമാരും സാങ്കേതിക വിഭാഗം മേലുദ്യോഗസ്ഥരുമാണ് സ്പെഷ്യൽ റൂളിനെതിരെ മുന്നോട്ടുവന്നത്.
വർഷങ്ങളായി നിലനിൽക്കുന്ന അശാസ്ത്രീയമായ സ്ഥാനക്കയറ്റത്തിന് ആധാരമായ സ്പെഷ്യൽ റൂളിനെതിരെയും പരീക്ഷാർത്ഥി ഹാജരാവാതെ നടത്തപ്പെടുന്ന ഒാൺലൈൻ ലേണേഴ്സ് ടെസ്റ്റ് പോലുള്ള നൂതന പ്രവണതകൾക്കെതിരെയും വകുപ്പിലെ സ്വകാര്യവൽക്കരണ നീക്കങ്ങൾക്കെതിരെയുമാണ് പ്രതിഷേധം.
എൽ.ഡി ക്ലർക്ക് ആയി സർവീസിൽ കയറുന്ന എസ്.എസ്.എൽ.സി യോഗ്യത മാത്രമുള്ളവർ പോലും പൊലീസിലെ എസ്.പി റാങ്കിന് സമാന തസ്തികയായ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറും അതിനുമുകളിൽ വകുപ്പ് മേധാവിയായ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് തൊട്ടു താഴെയുള്ള തസ്തികയായ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ പദവി വരെയെത്തി റിട്ടയർ ചെയ്യുന്ന അവസ്ഥയിലെത്തുമെന്നാണ് സ്പെഷ്യൽ റൂളിനെതിരെ ഇവർ ഉന്നയിക്കുന്ന ആരോപണം.
സാങ്കേതിക യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നേടിയ ജോയിന്റ് ആർ.ടി.ഒമാർ ജോലി ചെയ്യുന്ന ഓഫീസുകളിൽ, പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനും ഹെവി ഡ്രൈവിംഗ് ടെസ്റ്റിനും മറ്റും എത്തുന്നവർ യോഗ്യത ഉള്ള ഉദ്യോഗസ്ഥരെ തേടിപ്പോകേണ്ട അവസ്ഥയാണെന്ന് ജീവനക്കാർ പറയുന്നു. പല തവണ ഇക്കാര്യം സർക്കാരിന്റെയും ഗതാഗത കമ്മീഷണറേറ്റിന്റെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.
ഇതിനെതിരേ എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാരുടെ സംഘടനകളായ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറേറ്റ് അസോസിയേഷനും സംസ്ഥാന വ്യാപകമായി പണിമുടക്കി. കണ്ണൂർ ആർ.ടി ഓഫീസ് പരിസരത്തുനടന്ന വിശദീകരണ യോഗത്തിൽ കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു.
യോഗ്യതയില്ലാത്തവർ സ്ക്വാഡുകളിലും
സേഫ് കേരള പ്രൊജക്ടിന്റെ ഭാഗമായി വകുപ്പിലെ നിലവിലുള്ള എൻഫോഴ്സ്‌മെന്റ് സ്ക്വാഡുകൾ ശക്തിപ്പെടുത്തിയപ്പോൾ പുതുതായി നിലവിൽ വന്ന എൻഫോഴ്സ് ആർ.ടി.ഒ തസ്തികകളിൽ ഇരിക്കുന്നവരിൽ പലരും വാഹനങ്ങളുടെ സാങ്കേതിക പരിശോധന നടത്താനുള്ള യോഗ്യതകൾ പോലും ഇല്ലാത്തവരാണെന്ന് സ്പെഷ്യൽ റൂളിനെ എതിർക്കുന്ന ജീവനക്കാർ കുറ്റപ്പെടുത്തുന്നു. വാഹനങ്ങളുടെ രജിസ്ട്രഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അടിസ്ഥാന പരിജ്ഞാനം പോലുമില്ലാത്ത ഇവർക്ക് ആർ.സിയിൽ ഒപ്പുവെച്ച് നൽകാനും മരവിപ്പിക്കാനും റദ്ദാക്കാനും മറ്റുമുള്ള ചുമതലയുണ്ട്.
പൊലീസ്, എക്സൈസ് തുടങ്ങിയ വകുപ്പുകളിൽ ഇത്തരം ഏർപ്പാടുകൾ വർഷങ്ങൾക്കു മുമ്പ് അവസാനിച്ചിട്ടും മോട്ടോർ വാഹന വകുപ്പിൽ മാത്രമാണ് കാലഹരണപ്പെട്ടതും അശാസ്ത്രീയവുമായ സ്പെഷ്യൽ റൂൾ നടപ്പിലാക്കുന്നത്. പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല
-എൻ.ആർ റിജിൻ, ട്രഷറർ, കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |