തലശേരി: ചെറുപ്പത്തിൽ മലബാറിലെ ബീഡിക്കമ്പനികളിൽ തെറുപ്പുകാരനായിരുന്നു ശ്രീധരൻ. ഒപ്പം പത്രം ഉറക്കെ വായിക്കലും. അങ്ങനെ ഭാഷയെ സ്നേഹിച്ചുതുടങ്ങിയ ഞാറ്റ്യേല ശ്രീധരൻ ഇപ്പോൾ ചതുർഭാഷാ നിഘണ്ടുവിന്റെ മിനുക്കുപണിയിലാണ്. ജർമ്മൻകാരനായ ഹെർമൻ ഗുണ്ടർട്ട് 1872 ൽ മലയാളം - ഇംഗ്ലീഷ് നിഘണ്ടു ഇറക്കിയത് തലശേരിയിൽ ജീവിച്ചാണ്. ഗുണ്ടർട്ടിന്റെ പുതിയ പതിപ്പാവുകയാണ് 80 വയസായ ഈ തലശേരിക്കാരനെന്ന് പറയാം. ഗുണ്ടർട്ടിന്റെ നിഘണ്ടുവിന് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമാകാൻ രണ്ടു വർഷം ശേഷിക്കെയാണ് ചതുർഭാഷാ നിഘണ്ടുവിന്റെ പിറവി. ഇതിനിടെ മലയാളം - തമിഴ് നിഘണ്ടു പുറത്തിറക്കി.
മലയാള പദങ്ങളും അവയുടെ അർത്ഥമുള്ള തമിഴ്, കന്നഡ, തെലുങ്ക് പദങ്ങളുമാണ് ചതുർഭാഷാ നിഘണ്ടുവിൽ. ആയിരത്തോളം പേജുകൾ. ഒരു ലക്ഷം വാക്കുകൾ. തലശേരി കോടിയേരി വയലളം സ്വദേശി ഞാറ്റ്യേല ശ്രീധരൻ കാൽനൂറ്റാണ്ടായി നിഘണ്ടുവിന്റെ പണിപ്പുരയിലാണ്.
ഇന്ത്യയിൽ വന്ന് ബംഗാളിയും ഹിന്ദിയും തെലുങ്കും തമിഴും മലയാളവും പഠിച്ച ഗുണ്ടർട്ടിന്റെ ആവേശമാണ് ഭാഷാ പഠനത്തിൽ ശ്രീധരനും. കേരളം, തമിഴ്നാട്, കർണാടക, ആന്ധ, പുതുച്ചേരി... ഭാഷകളോടുള്ള അഭിനിവേശവുമായി ഇവിടങ്ങളിലെല്ലാം വർഷങ്ങളോളം അലഞ്ഞു. പട്ടിണിയും കഷ്ടപ്പാടും ആവേശം കെടുത്തിയില്ല. നാല് ഭാഷകളിലും അപാരമായ പദസമ്പത്തുമായാണ് തിരിച്ചെത്തിയത്.
കൊവിഡ് ഇല്ലായിരുന്നെങ്കിൽ ഇതിനകം നിഘണ്ടു ഇറങ്ങുമായിരുന്നു. സീനിയർ സിറ്റിസൺസ് ഫോറം തലശേരി ബ്ളോക്ക് കമ്മിറ്റിയാണ് നിഘണ്ടു ഇറക്കുന്നത്. ഭാര്യ യശോദ. മക്കൾ- ശ്രീവത്സൻ, ശ്രീധന്യൻ, ശ്രീജ, ശ്രീജയൻ.
ഭാഷാ പഠനത്തിന്റെ വഴി
നാലാം ക്ളാസ് തോറ്റ ശ്രീധരൻ കുറേ കാലത്തിനു ശേഷം പ്രൈവറ്റായി പഠിച്ചാണ് ഇ.എസ്.എൽ.സി പാസായത്. ജലസേചന വകുപ്പിൽ ചെറിയൊരു ജോലിയുമായി പാലക്കാട് കൽപ്പാത്തിയിൽ കഴിയുമ്പോൾ തമിഴ് പഠിച്ചു. സുള്യ സ്വദേശി ഗോവിന്ദ നായ്‌ക്കിൽ നിന്ന് കന്നഡ പഠിച്ചു. തളിപ്പറമ്പ് കരിമ്പം കൃഷി ഫാമിലെ ആന്ധ്ര സ്വദേശികളായ ഈശ്വരപ്രസാദ് റാവുവും ഭാര്യ സീതമ്മയും തെലുങ്ക് പഠിപ്പിച്ചു. പിന്നെയായിരുന്നു ദക്ഷിണേന്ത്യൻ കറക്കം. കേരളത്തിൽ സാക്ഷരതാ പ്രവർത്തകനായി ഓടിനടന്നപ്പോഴാണ് പ്രാദേശിക ഭാഷാഭേദങ്ങൾ അറിഞ്ഞത്.
''ഒരേ ഗോത്രത്തിൽ പെടുന്ന ദ്രാവിഡ ഭാഷകളിലെ സജാത്യ, വൈജാത്യങ്ങൾ സാധാരണക്കാർക്ക് മനസിലാക്കി കൊടുക്കുകയാണ് ചതുർഭാഷാ നിഘണ്ടുവിന്റെ ലക്ഷ്യം.''
--ഞാറ്റ്യേല ശ്രീധരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |