പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായി മാറിക്കഴിഞ്ഞു. ലോകം മുഴുവൻ കൊവിഡ് വ്യാപനത്തിലാവുകയും സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും ചെയ്തിട്ടും ജനത്തിന് ആത്മവിശ്വാസം നൽകാൻ അദ്ദേഹത്തിന് കഴിയുന്നു.
ലോകരാജ്യങ്ങൾ മോദിയെ പ്രതീക്ഷയോടെ നോക്കുന്നു. സമ്പദ്ഘടനയുടെയും വ്യവസായ വളർച്ചയുടെയും കാര്യത്തിൽ മുന്നിലായ പല രാജ്യങ്ങളും ഉത്തരങ്ങൾക്ക് മോദിയെയാണ് നോക്കുന്നത്. കൊവിഡിനെ നേരിട്ടത് തന്നെ ഒരു ഉദാഹരണം. രാജ്യത്തെ സമ്പൂർണമായി അടച്ചിടാനുള്ള തീരുമാനം അസാമാന്യ ധൈര്യത്തോടെയുള്ളതായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകുമ്പോഴുണ്ടായ ചില അനിശ്ചിതത്വങ്ങളൊഴിച്ചാൽ തൊഴിലും വരുമാനവും ഇല്ലാതെ വീട്ടിലിരുന്നപ്പോഴും ജനങ്ങളെ കൂടെ നിറുത്താൻ മോദിക്ക് കഴിഞ്ഞു.
നോട്ട് നിരോധനമായിരുന്നു മോദി നേരിട്ട മറ്രൊരു വെല്ലുവിളി. നോട്ട് മാറിക്കിട്ടുന്നതിലുള്ള ബുദ്ധിമുട്ട് തന്നെയായിരുന്നു ഒന്ന്. സമാന്തര സമ്പദ് വ്യവസ്ഥയിൽ നിന്നിരുന്ന പല വ്യവസായങ്ങൾക്കും തിരിച്ചടി നേരിടേണ്ടി വന്നപ്പോൾ അതിന്റെ പ്രത്യാഘാതം സാധാരണക്കാരിലുണ്ടായി. എന്നാലും കള്ളപ്പണക്കാർക്ക് എതിരായ സമൂഹത്തിന്റെ വികാരം പ്രയോജനപ്പെടുത്താൻ മോദിക്ക് കഴിഞ്ഞു.
മോദിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ നേതൃഗുണം തന്നെയാണ്. അദ്ദേഹത്തിന് താഴെ തട്ടിലുള്ള ജനങ്ങളുമായുള്ള ഹൃദയ ബന്ധം ദൃഢമാണ്. ഒരു നേതാവാണ് താനെന്ന് അദ്ദേഹം സ്വയം തെളിയിക്കുകയായിരുന്നു.
ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള മമതയാണ് മോദിയിലെ മറ്രൊരു ഗുണം. ആർ.എസ്.എസുമായുള്ള ബന്ധമാണ് രാഷ്ട്രീയ ചിന്താഗതികളെ സ്വാധീനിച്ചത്. പിന്നെ സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളും. ഒരു അവധൂതനെപ്പോലെ ഹിമാലയ സാനുക്കളിൽ കുറേ വർഷം അദ്ദേഹം സത്യാന്വേഷിയായി നടന്നതായി പറയുന്നുണ്ട്.
ദീർഘവീക്ഷണമാണ് മോദിയുടെ നേട്ടം. സ്വച്ഛഭാരത് കാമ്പെയിനുകൾ, പാരമ്പര്യേതര ഊർജ വ്യാപനം, ഇലക്ട്രിക് വാഹനങ്ങുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളിലെല്ലാം അതു കാണാം. വിവരസാങ്കേതിക വിദ്യയെ ഇത്രയധികം പ്രയോജനപ്പെടുത്തിയ മറ്രൊരു നേതാവുണ്ടാകില്ല. മാറ്റങ്ങളോട് മുഖം തിരിക്കുകയല്ല, അതിനെ ഉൾക്കൊള്ളുകയും പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടതെന്ന് മോദി കാണിച്ചുകൊടുത്തു.
യുവതലമുറയുടെ വിശ്വാസം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. 63 വയസുള്ളപ്പോഴാണ് മോദി പ്രധാനമന്ത്രിയാവുന്നത്. അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ എതിരാളി താരതമ്യേന ചെറുപ്പക്കാരനായ രാഹുൽ ഗാന്ധിയായിരുന്നു. എന്നാൽ എതിരാളിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും അദ്ദേഹം യുവാക്കളുടെ പിന്തുണ ആർജിച്ചെടുത്തു.
മോദി എല്ലാ ഇന്ത്യക്കാരന്റെയും അഭിമാനമായി മാറിക്കഴിഞ്ഞു. വിദേശത്തുള്ള ഇന്ത്യക്കാർ അഭിമാനത്തോടെയാണിന്ന് തലയുയർത്തി നിൽക്കുന്നത്. അതിർത്തിയിൽ സൈനികനും ഇന്ന് ആത്മവിശ്വാസമുണ്ട്. നാട്ടിലെ കർഷകനിലും തൊഴിലാളിയിലും സാധാരണക്കാരനിലും ഇത് കാണാം. മോദിയിൽ ജനങ്ങൾക്കുള്ള വിശ്വാസം അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ് വർദ്ധിപ്പിക്കുന്നത്. എഴുപതുകളിലെത്തുമ്പോൾ, അത് അദ്ദേഹം കൂടുതൽ ഫലപ്രദമായി നിറവേറ്രുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |