തിരുവനന്തപുരം: വിളപ്പിൽ പഞ്ചായത്തിലെ പ്രാചീന ചരിത്രവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഉൾക്കൊള്ളുന്ന ശാസ്‌താംപാറ ടൂറിസം സ്‌പോട്ട് ഇന്ത്യൻ ടൂറിസം ഭൂപടത്തിൽ ഇടം നേടുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ വികസന പദ്ധതികൾ അന്തിമഘട്ടത്തിലാണ്. അഡ്വെഞ്ചർ ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ശാസ്‌താംപാറയിൽ ഒരു അഡ്വെഞ്ചർ ടൂറിസം അക്കാഡമി സ്ഥാപിക്കാൻ സർക്കാർ ഇതിനോടകം തന്നെ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ഇതിനായി 12 ഏക്കർ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണ്. തലസ്ഥാന നഗരിയിലെ പ്രമുഖ ടൂറിസം സ്‌പോട്ടുകളിലൊന്നായ ശാസ്‌താംപാറയിൽ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് 450 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശാസ്താംപാറ ഏത് കാലാവസ്ഥയിലും സഞ്ചാരികൾക്ക് കാഴ്ചയുടെ കുളിർമഴ പകരുന്നുണ്ട്. അപകട ഭീഷണി ഒഴിവാക്കാൻ ഇരുമ്പ് നെറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഫെൻസിംഗ്, കുട്ടികളുടെ പാർക്ക്, ഗേറ്റ്‌വേ, പടവുകൾ, നിലവിലെ കെട്ടടങ്ങളുടെ നവീകരണം, മണ്ഡപനിർമ്മാണം, ഇരിപ്പിടങ്ങൾ, സൂചനാ ബോർഡുകൾ, ടോയ്‌ലെറ്റ് ബ്ലോക്ക് തുടങ്ങിയ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. സർക്കാർ ഏജൻസിയായ കെല്ലിനാണ് നിർമ്മാണ ചുമതല. പണികൾ പൂർത്തീകരിച്ച് നവംബറിൽ സഞ്ചാരികൾക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |