തിരുവനന്തപുരം: ധൂർത്തും അഴിമതിയും ആർഭാടവും തുടരുന്ന സർക്കാർ അത് അവസാനിപ്പിക്കുന്നതിനുപകരം, ജീവനക്കാരുടെ ശമ്പളത്തിൽ വീണ്ടും കൈയിട്ടുവാരുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാലറി കട്ട് ആറ് മാസം നീട്ടാനുള്ള തീരുമാനം പിൻവലിക്കണം.
മൊത്തം പതിനായിരത്തോളം കോടി രൂപയാണ് ജീവനക്കാരിൽ നിന്ന് പിടിച്ചെടുക്കുന്നത്. തിരിച്ചു കൊടുക്കേണ്ട ബാദ്ധ്യത പുതിയ സർക്കാരിന്റെ തലയിൽ കെട്ടിവച്ചു. ഇതിനകം പിടിച്ച തുക ഏപ്രിലിൽ പി.എഫിൽ ലയിപ്പിച്ചശേഷം ജൂൺ മുതൽ പിൻവലിക്കാനാണ് അനുമതി. ജൂണിൽ പുതിയ മന്ത്രിസഭയായിരിക്കുമല്ലോ? ഈ സർക്കാരിന്റെ കാലാവധി തീരുംമുമ്പ് ഇപ്പോൾ പിടിച്ചെടുത്ത പണം നൽകണം.സാലറി കട്ട് കാരണം ദുരിതത്തിലായിരുന്ന തുച്ഛവരുമാനക്കാരായ ജീവനക്കാരുടെ കഷ്ടപ്പാട് ഇരട്ടിച്ചു.
കൊവിഡ് പ്രതിരോധത്തിന് എത്ര രൂപ ലഭിച്ചു, എത്ര ചെലവായി എന്ന കണക്കും വെളിപ്പെടുത്തണം.
ഭാരിച്ച ശമ്പളം നൽകുന്ന പിൻവാതിൽ നിയമനങ്ങൾ തുടരുന്നു. ആ ചെലവുകൾ നിയന്ത്രിച്ച് കൊവിഡ് പ്രതിരോധത്തിന് തുക കണ്ടെത്തണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |