മഞ്ചേരി: കൊവിഡിനെതിരായ പോരാട്ടം ആറുമാസം പിന്നിടുമ്പോൾ ജില്ലയിൽ നടന്നത് അരലക്ഷത്തിലേറെ ആർ.ടി.പി.സി.ആർ പരിശോധനകൾ. എന്നാൽ രോഗികളുടെ പ്രതിദിന കണക്കുകൾ ഉയരുമ്പോൾ സമയബന്ധിതമായി പരിശോധനാഫലം ലഭ്യമാക്കാൻ ലാബ് സൗകര്യം വർദ്ധിക്കേണ്ടത് അനിവാര്യമാവുകയാണ്.
ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെയും രോഗബാധിതരായി ചികിത്സയിലുള്ളവരുടെയും 55,000 സ്രവ സാമ്പിളുകളാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ ഇതുവരെ പരിശോധിച്ചത്.
ഓട്ടോമാറ്റിക് സംവിധാനം സജ്ജമാക്കിയതോടെ പരിശോധനയ്ക്ക് വേഗത
കൂടിയെങ്കിലും പരിശോധിക്കേണ്ടവരുടെ എണ്ണവും പ്രതിദിനം കൂടി. ഇതോടെ പരിശോധനാ സംവിധാനങ്ങൾ വിപുലീകരിക്കേണ്ട ഘട്ടത്തിലാണ് ജില്ലയുള്ളത്. ഏതാനും ദിവസങ്ങളായി
24 മണിക്കൂറിനുള്ളിൽ 600 മുതൽ 1400 സാമ്പിളുകൾ വരെ ലാബിൽ പരിശോധിക്കുന്നുണ്ട്.
തുടക്കത്തിൽ കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ നിന്നായിരുന്നു ജില്ലയിൽ ഉള്ളവരുടെ സ്രാവ പരിശോധന നടത്തിയിരുന്നത്. മാർച്ച് 26നാണ് ലാബിൽ ആദ്യ പരിശോധന നടത്തിയത്.
ട്രൂനാറ്റ് യന്ത്രത്തിൽ 1231 സാമ്പിളുകളാണ് പരിശോധിച്ചത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ടൗണുകൾ കേന്ദ്രീകരിച്ച്
അമ്പതിനായിരം ആന്റിജൻ പരിശോധനയും പൂർത്തിയാക്കി. ഗർഭിണികൾ, അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർ, എന്നിവരുടെയും അപകടത്തിൽപെട്ടവരുടേയും മൃതദേഹങ്ങളുടെയും പരിശോധനകളാണ്
ട്രൂ നാറ്റിലൂടെ നടത്തിയത്. പിസിആർ ലാബിലാണ് ട്രൂ നാറ്റ് യന്ത്രങ്ങളും സ്ഥാപിച്ചത്.
എന്നാൽ സമ്പർക്ക രോഗവ്യാപനം വർദ്ധിച്ചതോടെ പ്രതിദിന പരിശോധന കുത്തനെ ഉയരുന്ന സ്ഥിതിയാണിപ്പോൾ.
സ്രവ സാമ്പിൾ നൽകി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുമ്പോൾ സെക്കൻഡറി കോണ്ടാക്ടിലുള്ളവർ പൊതു സമൂഹവുമായി ഇടപഴകുകയാണ്. പരിശോധനാ ഫലമറിയാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയ്ക്കാണ് ജില്ലയിൽ അടിയന്തരമായി മാറ്റമുണ്ടാവേണ്ടത്. എങ്കിലേ സമ്പർക്ക വ്യാപന സാധ്യത കുറക്കാൻ നിലവിലെ സാഹചര്യത്തിൽ ജില്ലയ്ക്ക് സാദ്ധ്യമാവൂ. അതിനായി സർക്കാർ സംവിധാനത്തിൽ കൂടുതൽ ആർ.ടി.പി.സി.ആർ ലാബുകൾ സജ്ജമാക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |