ആറ്റിങ്ങൽ: പാതയോരത്തെ തണൽമരങ്ങളുടെ 'മുറിവുണക്കി ' സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. അവനവഞ്ചേരി മുതൽ കോരാണി വരെയുള്ള സംസ്ഥാനപാതയിലും ദേശീയപാതയിലും ഉൾപ്പെട്ട അഞ്ചു കിലോമീറ്റർ ഭാഗത്തെ തണൽമരങ്ങളിൽ ആണിതറച്ച് സ്ഥാപിച്ചിരുന്ന പരസ്യബോർഡുകളാണ് കേഡറ്റുകൾ നീക്കം ചെയ്‌തത്. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ കേഡറ്റുകളുടെ നേതൃത്വത്തിലാണ് ഓസോൺ ദിനത്തിൽ വ്യത്യസ്തമായ പ്രകൃതിസംരക്ഷണ പ്രവർത്തനം സംഘടിപ്പിച്ചത്. മരങ്ങളുടെ ആയുസ് കുറയ്ക്കുന്ന ആണി തറയ്ക്കൽ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. എന്നാൽ ഓരോ മരത്തിലും ചെറുതും വലുതുമായ അമ്പതോളം ആണികളാണ് തറച്ചിരുന്നത്. പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതുപോലെ പ്രധാനമാണ് അവയെ സംരക്ഷിക്കുക എന്ന് മനസിലാക്കിയാണ് കുട്ടികൾ മരങ്ങൾക്ക് പുനർജന്മം നൽകിയത്. പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇതേക്കുറിച്ച് ബോധവത്കരണം നടത്താനും കുട്ടികൾ തീരുമാനിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസറും അദ്ധ്യാപകനുമായ എൻ. സാബു, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ. പ്രകാശ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |