തൃശൂർ: ഭീകരവാദവും രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ട കൊടും കുറ്റവാളികളെ പാർപ്പിക്കാൻ ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിർമ്മിച്ച വിയ്യൂർ അതിസുരക്ഷാ ജയിൽ തുറന്ന് ഒരുവർഷം കഴിഞ്ഞിട്ടും പേരിന് പോലും ഡോക്ടറില്ല. സ്വർണ്ണക്കടത്ത് കേസ് പ്രതി റമീസിന് ശാരീരിക അസ്വസ്ഥത ഉണ്ടായപ്പോൾ സെൻട്രൽ ജയിലിലെ മെഡിക്കൽ ഓഫീസറെത്തിയാണ് പരിശോധിച്ചത്.
അതീവസുരക്ഷ നൽകേണ്ട തടവുകാരെ നിസാര അസുഖങ്ങൾക്ക് പോലും ഗവ. മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടിവരുന്നതും അവർക്ക് പഴുതടച്ച സുരക്ഷ ഒരുക്കേണ്ടി വരുന്നതും ജയിൽ അധികൃതർക്കും പൊലീസിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മെഡിക്കൽ കോളേജിൽ സ്വപ്ന ഫോൺ ഉപയോഗിച്ചെന്ന റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ അതിസുരക്ഷാ ജയിലിലെ തടവുകാരുടെ നിരീക്ഷണവും ചോദ്യചിഹ്നമാവുകയാണ്.
കുറ്റവാളികളെ കോടതിയിൽ ഹാജരാക്കാനും സാധാരണരീതിയിലുള്ള ചികിത്സകൾക്കും പുറത്തിറക്കേണ്ടി വരില്ലെന്നായിരുന്നു അതിസുരക്ഷാ ജയിൽ തുറക്കുമ്പോൾ പറഞ്ഞിരുന്നത്. കോടതിയിൽ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കാൻ വീഡിയോ കോൺഫറൻസിംഗ് സംവിധാനവും ചികിത്സയ്ക്ക് ഡോക്ടറുടെ സേവനമുള്ള ആശുപത്രിക്ക് പുറമെ ടെലിമെഡിസിൻ സംവിധാനം ഒരുക്കിയതായും വ്യക്തമാക്കിയിരുന്നു.
രണ്ട് നഴ്‌സുമാരും ഒരു ഫാർമസിസ്റ്റും അടക്കമുള്ള ചികിത്സാമുറി അതിസുരക്ഷാ ജയിലിലുണ്ട്. മുറിവ് കെട്ടുന്നതിനും മരുന്നുകൾ നൽകുന്നതിനുമുള്ള സൗകര്യവുമുണ്ട്. എങ്കിലും തടവുകാർക്ക് അസുഖമുണ്ടായാൽ സെൻട്രൽ ജയിലിലെ ഡോക്ടറെ വിളിക്കണം. അല്ലെങ്കിൽ ഉടൻ മെഡിക്കൽ കോളേജിലെത്തിക്കും. ആഴ്ചയിൽ ഒരു ദിവസം സെൻട്രൽ ജയിലിലെ ഡോക്ടർ ഇവിടെയെത്തി പരിശോധന നടത്താനുള്ള സംവിധാനമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അതിസുരക്ഷാ ജയിലിൽ ഡോക്ടറെ ഉടൻ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഡോക്ടർമാരില്ലാത്ത വിയ്യൂർ അതിസുരക്ഷാ ജയിലിൽ കൊവിഡ് വ്യാപിക്കാതിരുന്നതാണ് ഏറെ ആശ്വാസം പകരുന്നത്. തിരുവനന്തപുരം സ്വദേശിയായ ഗാർഡിന് കഴിഞ്ഞമാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മുഴുവൻ തടവുകാർക്കും ജീവനക്കാർക്കും പരിശോധന നടത്തി. ആർക്കും രോഗം സ്ഥിരീകരിച്ചില്ല.
അതിസുരക്ഷാ ജയിൽ
തടവുകാർ: 150
സെൻട്രൽ ജയിലിൽ: 450
മൊത്തം 600 തടവുകാർക്ക് ഒരു ഡോക്ടർ മാത്രം
അതിസുരക്ഷാ ജയിൽ
ഉദ്ഘാടനം നടത്തിയത്: 2016 ൽ
പണി പൂർത്തിയാക്കി കുറ്റവാളികളെ പ്രവേശിപ്പിച്ചത്: കഴിഞ്ഞവർഷം ജൂലായ് മൂന്നിന്
വിസ്തൃതി: ഒമ്പതേക്കറിൽ, ഒരു ലക്ഷം ചതുരശ്ര അടിയിൽ മൂന്ന് നില കെട്ടിടം
തടവുകാർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ കഴിയില്ല
മൊത്തം തടവറകൾ: 192
ഒരാളെ മാത്രം പാർപ്പിക്കുന്ന ഏകാന്ത സെല്ലുകൾ: 60
"അതിസുരക്ഷാജയിലിൽ ഡോക്ടറുടെ സേവനം അനിവാര്യമാണ്. ഇക്കാര്യം ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും പരിഗണനയിലാണ്. ഉടൻ നിയമനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
എൻ.എസ്. നിർമ്മലാനന്ദൻ നായർ
സൂപ്രണ്ട്, വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം.