പാലക്കാട്: അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കൊയ്ത്ത് യന്ത്രങ്ങൾ അമിത വാടക ഈടാക്കി കർഷകരെ കൊള്ളയടിക്കുമ്പോഴും ജില്ലയിൽ കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു.
വിവിധ ഫാമുകൾ, കൃഷി ഭവനുകൾ, കാർഷിക യന്ത്ര വിതരണ കേന്ദ്രങ്ങൾ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിലാണ് ലക്ഷങ്ങൾ മുടക്കി വാങ്ങിയ കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നത്. ജില്ലയിൽ ചുരുങ്ങിയത് ഇരുപതോളം കൊയ്ത്ത് യന്ത്രങ്ങൾ വിവിധ വകുപ്പുകളുടെ കീഴിൽ വാങ്ങിയിട്ടുണ്ട്. പല യന്ത്രങ്ങൾക്കും ചെറിയ തകരാർ മാത്രമാണുള്ളത്. നിലവിലെ സാഹചര്യത്തിൽ ചുരുങ്ങിയ ചെലവിൽ നന്നാക്കിയാൽ ഇവ ഉപയോഗിക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്.
വാടക താങ്ങാതെ കർഷകർ
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കൊയ്ത്ത് യന്ത്രങ്ങളുടെ വാടക മണിക്കൂറിന് 2400 രൂപയാണ്. ഇത് കർഷകർക്ക് താങ്ങാനാവാത്തതാണ്. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുവരുന്ന കൊയ്ത്ത് യന്ത്രങ്ങളുടെ ഉടമസ്ഥർ 2000 മുതൽ 2100 വരെ വാടക നിശ്ചയിച്ചാണ് ജില്ലയിലേക്ക് നൽകുന്നത്. എന്നാൽ ഇടനിലക്കാർ കർഷകരിൽ നിന്ന് അമിത നിരക്ക് ഈടാക്കി കൊള്ളയടിക്കുന്നു. ജില്ലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള കൊയ്ത്ത് യന്ത്രങ്ങൾ കർഷകർക്ക് നൽകാത്തതിന്റെ പിന്നിൽ ഇത്തരം ലോബികളുടെ സമ്മർദ്ദമാണെന്നും ഇതിന് അധികൃതർ കൂട്ട് നിൽക്കുകയാണെന്നും കർഷക മുന്നേറ്റം ജില്ലാ കമ്മിറ്റി ആരോപിച്ചു. യോഗത്തിൽ പ്രസിഡന്റ് കെ.ആർ.ഹിമേഷ് അദ്ധ്യക്ഷനായി. ശശികുമാർ, ഹരിദാസ്, രാജേഷ്, റിജേഷ്, സ്വാമിനാഥൻ സംസാരിച്ചു.
നടപടി വേണം
"അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൊയ്ത്ത് യന്ത്രങ്ങൾ ഇടനിലക്കാർ വഴി കർഷകരെ കൊള്ളയടിക്കുന്നത് തടയാൻ പഞ്ചായത്ത് തലത്തിൽ ഒന്നോ, രണ്ടോ കൊയ്ത്ത് യന്ത്രമിറക്കിയാൽ ഒരു പരിധി വരെ പരിഹാരം കാണാം. കാർഷികോപകരണങ്ങൾ കർഷകരുടെ ആവശ്യത്തിന് നൽകാതെ തുരുമ്പെടുത്ത് നശിപ്പിക്കുന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം."
-സജീഷ് കുത്തനൂർ, കർഷക മുന്നേറ്റം, ജില്ലാ സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |