പട്ടാമ്പി: മഴക്കാലമായാൽ പിന്നെ മുതുതല- പള്ളിപ്പുറം റോഡിലൂടെയുള്ള യാത്രയ്ക്ക് ഒരു തോണി അത്യാവശ്യമാണ്. തകർന്ന പാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായതിനാൽ വാഹന- കാൽനട യാത്ര ദുസഹമായി. മിൽനഗർ മുതൽ കാരക്കൂത്ത് വരെയാണ് വെള്ളക്കെട്ട് രൂക്ഷം.
മുതുതലയിൽ നിന്ന് വളാഞ്ചേരി, തൃത്താല മേഖലകളിലേക്ക് പോകാൻ ഭൂരിഭാഗം യാത്രക്കാരും ആശ്രയിക്കുന്ന വഴിയാണിത്. കുഴികളിൽ മഴവെള്ളം നിറഞ്ഞതോടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും പതിവായി. ഇതോടെ യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റി കൊടുമുണ്ട- തീരദേശം വഴിയാണ് തൃത്താലയിലേക്കും മറ്റുമെത്തുന്നത്.
നാട്ടുകാർ മെറ്റലും മണ്ണുമുപയോഗിച്ച് കുഴിയടയ്ക്കാൻ ശ്രമിച്ചെങ്കിലും മഴ ശക്തമായതോടെ എല്ലാം പഴയപടിയായി.
റോഡിന്റെ ശോച്യാവസ്ഥ കാരണം അത്യാവശ്യമായി വിളിച്ചാൽ പോലും ഓട്ടോ- ടാക്സികൾ ഇതുവഴി വരില്ല.
നവീകരണം പാതി വഴിയിൽ
2019ലെ ബഡ്ജറ്റിൽ രണ്ടുകോടി ചെലവിൽ റബ്ബറൈസ് ചെയ്യാൻ ഫണ്ടനുവദിച്ചിരുന്നു. ഫെബ്രുവരിയിൽ ആദ്യഘട്ട പ്രവർത്തനമാരംഭിച്ചെങ്കിലും ലോക്ക് ഡൗണും തുടർന്നുള്ള കാലവർഷവും തിരിച്ചടിയായി. തൊഴിലാളി ക്ഷാമം മൂലം കരാറുകാർ പ്രവൃത്തി നിറുത്തിവച്ചിരിക്കുകയാണ്. അയ്യപ്പൻകാവിനോട് ചേർന്ന കലുങ്ക് നിർമ്മാണത്തിന് വാഹനം വഴിതിരിച്ച് വിട്ടിരുന്നു. സമീപത്തെ പാടത്തിലൂടെയാണ് നിലവിലെ യാത്ര. കാലവർഷത്തിന് മുമ്പ് പൊടിശല്യമായിരുന്നെങ്കിൽ ഇപ്പോൾ വെള്ളം കയറിയത് യാത്രക്കാരെ വെട്ടിലാക്കി.
കലുങ്ക് നിർമ്മാണവും അനുബന്ധ പ്രവർത്തികളും ഭൂരിഭാഗവും പൂർത്തിയാക്കി. മഴ മാറിയാൽ ഉടൻ റബ്ബറൈസ് ചെയ്യാനുള്ള പ്രവൃത്തിയാരംഭിക്കും.
സനൽ തോമസ്, അസി.എൻജിനീയർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |