പാലക്കാട്: മലയോര മേഖലകളിൽ ഉൾപ്പെടെ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ, പോത്തുണ്ടി ഡാം തുറന്നു. മലമ്പുഴയുടെ നാലും പോത്തുണ്ടിയുടെ മൂന്നും ഷട്ടറുകൾ 5സി.എം വീതമാണ് തുറന്നത്. നീരൊഴുക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വെള്ളം തുറന്നുവിടും.
വാളയാർ, ആളിയാർ ഡാമുകൾ ഇന്നുതുറക്കും. വാളയാർ ഇന്നലെ തുറക്കാനാലോചിച്ചെങ്കിലും ജലനിരപ്പ് കുറഞ്ഞതിനാൽ പിൻവലിക്കുകയായിരുന്നു. മലമ്പുഴയ്‌ക്കൊപ്പം വാളയാറും തുറന്നാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയാറാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ മാസം തുറന്ന മംഗലം, കാഞ്ഞിരപ്പുഴ ഷട്ടറുകൾ ഇതുവരെ താഴ്ത്തിയിട്ടില്ല.
മണ്ണാർക്കാട്, അട്ടപ്പാടി, നെന്മാറ, നെല്ലിയാമ്പതി, ആലത്തൂർ, മംഗലം ഡാം മേഖലകളിൽ ശക്തമായ മഴ രാത്രിയും തുടരുകയാണ്.
അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ
അഗളി: അട്ടപ്പാടി ചുരം പാതയിൽ ചിലയിടങ്ങളിൽ ഇന്നലെ പുലർച്ചെ മണ്ണിടിച്ചിലുണ്ടായി. ചെറുതും വലുതുമായ നിരവധി മരങ്ങൾ കടപുഴകി വീണു. കനത്ത മഴയ്ക്കിടെ ഉരുൾപൊട്ടലുണ്ടായാൽ ഗതാഗതം പൂർണമായും തടസപ്പെടും.
ഭവാനിയിലും ശിരുവാണിയിലും ജലനിരപ്പുയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെും പൊലീസിന്റെയും നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റും നടത്തി. കഴിഞ്ഞ പ്രളയകാലത്ത് ഭവാനിപ്പുഴയുടെ തീരത്തെ പല വീടുകളിലും വെള്ളം കയറിയിരുന്നു. മേഖലയിലെ ഹെക്ടർ കണക്കിന് കൃഷി നശിച്ചിരുന്നു.
വാളയാറും ആളിയാറും തുറക്കും
ആളിയാറിലെ ജലനിരപ്പ് 1045.7 മീറ്ററെത്തിയ സാഹചര്യത്തിൽ ഏത് നിമിഷവും തുറക്കുമെന്ന് എക്സി.എൻജിനീയർ അറിയിച്ചു. അധിക ജലം ഒഴുകിയെത്താൻ സാദ്ധ്യതയുള്ളതിനാൽ മൂലത്തറ റെഗുലേറ്ററും തുറക്കും. ചിറ്റൂർ പുഴയുടെ കരകളിൽ താമസിക്കുന്നവർ ശ്രദ്ധ പുലർത്തണം. വാളയാറിലെ ജലനിരപ്പ് 201.79 മീറ്ററാണ്. മൂന്ന് ഷട്ടറുകൾ ഒരു സി.എം വീതം ഉയർത്താനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |