തണ്ണിത്തോട്: കനത്ത മഴയിൽ മലയോര ഗ്രാമങ്ങളിൽ തൊട്ടപ്പുഴുക്കളുടെ ശല്യം കൂടുന്നു. മുൻപ് ഉൾവനങ്ങളിലും വനത്തിലെ ഈറ്റ കാടുകളിലും കണ്ടുവന്നിരുന്നവ ഇപ്പോൾ നാട്ടിൻ പുറങ്ങളിൽ വ്യാപകമാകുകയാണ്. വേനൽകാലത്ത് കാണാൻ കഴിയില്ലെങ്കിലും മഴപെയ്ത് തുടങ്ങിയാൽ നാട്ടിൻപുറങ്ങളിൽ ഏറെയാണ്. കാട്ടുപന്നികൾ നാട്ടിലെ പൊന്തക്കാടുകളിൽ വാസമുറപ്പിച്ചതിലൂടെയും ആവാസ വ്യവസ്ഥയിലുണ്ടായ വ്യതിയാനത്തിലൂടെയുമാണ് ഇവ നാട്ടിലെത്തിയത്. റബ്ബർ പോലുള്ള ശരീരവും ചാൺവച്ചുള്ള നടത്തവും ഇതിന്റെ പ്രത്യേകതയാണ്. തോട്ടപ്പുഴു കടിച്ചാൽ പറിച്ചെടുക്കരുത്. പല്ല് മുറിവിൽ ഇരുന്ന് അണുബാധയുണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. കാൽ വിരളുകൾക്കിടയിലാണ് കൂടുതലായി കടിച്ചിരിക്കുന്നത്.
കൃഷിയിടങ്ങളിൽ ഇറങ്ങാൻ കഴിയാത്ത വിധം ഇപ്പോൾ തോട്ടപ്പുഴുക്കൾ വർദ്ധിക്കുകയാണ്. മലയോര ഗ്രാമങ്ങളിലെ വഴികളിലും കൃഷിയിടങ്ങളിലും വീട്ടുമുറ്റങ്ങളിലും ഇന്ന് തോട്ടപ്പുഴുക്കളുണ്ട്. പലപ്പോഴും ശരീരത്തിലെ രക്തം കുടിച്ച് പിടിവിട്ട ശേഷം കടിയേറ്റ ഭാഗത്ത് രക്തം ഒലിക്കുമ്പോഴാണ് കടിയേറ്റ വിവരമറിയുന്നത്. നൂലുപോലെ ചെറിയ ജീവിയായ ഇവ മനുഷ്യശരീരത്തിൽ കയറി രക്തം കുടിച്ച് വലിപ്പം വയ്ക്കുകയും പിന്നീട് പിടിവിട്ട് പോവുകയും ചെയ്യും.
കൊല്ലാൻ ഉപ്പും വിനാഗിരിയും
റബ്ബർ പോലുള്ള ശരീരമായതിനാൽ അമർത്തി കൊല്ലാനും കഴിയില്ല. ഉപ്പും വിനാഗിരിയും ഡെറ്റോളുമുപയോഗിച്ചാണിവയെ കൊല്ലുന്നത്. കടിയേറ്റ ഭാഗത്ത് ഉപ്പുപൊടി വിതറിയാൽ താനെ പിടിവിട്ട് പോകും. മനുഷ്യരിലൂടെ വീടുകളിലും വാഹനങ്ങളിലുമെത്തും. തണ്ണിത്തോട്, മലയാലപ്പുഴ, കോന്നി, അരുവാപ്പുലം, കലഞ്ഞൂർ പഞ്ചായത്തുകളിലെ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിൽ ഇവയുടെ ശല്യം വർദ്ധിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |