മട്ടന്നൂർ: നടുവനാട് നിടിയാഞ്ഞിരത്ത് വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ സി.പി.എം.പ്രവർത്തകന് പരിക്കേറ്റു. നിടിയാഞ്ഞിരത്തെ വി.പി.രാജേഷി (30)നെയാണ് പരിക്കേറ്റ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച അർധരാത്രിയാണ് വീട്ടിൽ സ്‌ഫോടനമുണ്ടായത്. രാജേഷിന്റെ കൈകൾക്കും കാലിനുമാണ് പരിക്കേറ്റത്.
സ്‌ഫോടനം നടന്നതിന്റെ അവശിഷ്ടങ്ങൾ പൊലീസ് വീടിന്റെ അടുക്കളയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. സ്‌ഫോടന സമയത്ത് വീടിന് പുറത്തുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ വീട്ടിൽ നിന്ന് പന്നിപ്പടക്കവും കത്തി, വാൾ മുതലായ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. വീടിന്റെ ഭിത്തിക്ക് സ്‌ഫോടനത്തിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്.
സമഗ്ര അന്വേഷണം വേണം: കോൺഗ്രസ്
മട്ടന്നൂർ: നടുവനാടിൽ ബോംബ് നിർമ്മാണത്തിനിടയിലുള്ള ബോംബു സ്‌ഫോടനത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്. നാട്ടിൽ മനഃപൂർവം സംഘർഷങ്ങൾ സൃഷ്ടിച്ച് ഭീകരത പരത്തുവാനാണ് ഇത്തരം ബോംബ് നിർമാണങ്ങൾ കുടിൽ വ്യവസായം പോലെ സി.പി.എം പ്രവർത്തകർ നടത്തുന്നത്. ബോംബ് സ്‌ഫോടനത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും സമഗ്ര അന്വേഷണം നടത്തി പൊലിസ് ഉടൻ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |