ലഡാക്: ഇന്ത്യ-ചെെന സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തിയിലേക്ക് കൂടുതൽ സേനയെ വിന്യസിക്കാനൊരുങ്ങുകയാണ് രാജ്യം. ഇതിനാൽ തന്നെ അതിർത്തിയിലെ കഠിനമായ ശീതകാല വേളയിൽ സെെനികർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി അതിർത്തിയിൽ പച്ചക്കറികൾ കൃഷിചെയ്യാനും മാസങ്ങളോളം സൂക്ഷിക്കാനും വേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതായി ഡി.ആർ.ഡി.ഒ അറിയിച്ചു. ഹരിതഗൃഹ സാങ്കേതികവിദ്യ, മെെക്രോഗ്രീനുകൾ എന്നിവയുടെ സഹായത്തോടെയാണ് കഠിനമായ മഞ്ഞിലും പച്ചക്കറികൾ കൃഷിചെയ്യുക.
ഡി.ആർ.ഡി.ഒയുടെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ചാണ് ഇതിനായുള്ള ഗവേഷണം നടത്തുന്നത്. നിലവിലെ സാങ്കേതികവിദ്യ അനുസരിച്ച് വേനൽകാലത്ത് പച്ചക്കറികൾ നടാമെന്നും എന്നാൽ ശൈത്യകാലത്ത് ഇത് എങ്ങനെ സാദ്ധ്യമാക്കമെന്നാണ് ഇപ്പോൾ പരീക്ഷിക്കുന്നത്. ഇതിനായി രണ്ട് മാർഗങ്ങളാണ് പ്രധാനമായും ഗവേഷകർ കണ്ടെത്തിയിട്ടുളളത്.ഒന്ന് ഹരിത സാങ്കേതിക വിദ്യ പരിപോഷിപ്പിക്കുകയെന്നതാണ്. ശെെത്യകാലത്ത് പോലും ലഡാകിൽ സൂര്യ പ്രകാശം ലഭിക്കും. ഇതിനാൽ ഹരിത സാങ്കേതിക വിദ്യ ഉപയോഗിക്കാം. താപനില 25 ഡിഗ്രി കുറയുന്ന ജനുവരി മാസം വരെ കാബേജ്, കോളിഫ്ളവർ, തക്കാളി എന്നിവ ഇതിലൂടെ വളർത്താനാകും.
വേനൽക്കാലത്ത് വളരുന്ന പച്ചക്കറികളുടെ സംഭരണം വികസിപ്പിക്കുക എന്നതാണ് മറ്റൊരു മാർഗം. ഇതിനായി സീറോ ബെയ്സിഡ് എനർജി എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക. ഇതിലൂടെ ഉരുളക്കിഴങ്ങ്, കാബേജ്, കോളിഫ്ളവർ, റാഡിഷ്, കാരറ്റ് എന്നിവ 4-5 മാസങ്ങൾ വരെ കേടുവരാതെ സൂക്ഷിക്കാനാകുമെന്നും ഡി.ഐ.എച്ച്.എ.ആർ ഡയറക്ടർ ഡോ. ഓം പ്രകാശ് ചൗരാസിയ പറഞ്ഞു.പത്ത് മുതൽ പതിനഞ്ച് ദിവസങ്ങൾക്കുളളിൽ മെെക്രോഗ്രീൻ സാങ്കേതികവിദ്യയുടെ സാഹായത്തോടെ ഏത് കാലാവസ്ഥായിലും പച്ചക്കറികൾ വളർത്താനാകും. കർഷകർക്കും ഭാവിയിൽ ഈ സാങ്കേതിക വിദ്യ ഉപകാരപ്പെട്ടേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |