ന്യൂഡൽഹി: അതിസുരക്ഷാ നമ്പർപ്ലേറ്റുകളും (എച്ച് എസ് ആർ പി) കളർകോഡഡ് സ്റ്റിക്കറുകളും നിർബന്ധമാക്കി ഡൽഹി സർക്കാർ. 2019 ഏപ്രിലിനുമുമ്പ് രജിസ്റ്റർചെയ്ത വാഹനങ്ങളുടെ ഉടമകൾക്കാണ് ഡൽഹി ഗതാഗതവകുപ്പ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇവരണ്ടും വാഹനങ്ങളിൽ പിടിപ്പിക്കാനാണ് സർക്കാർ നിർദ്ദേശം. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
വാഹനങ്ങളിൽ ഏത് തരത്തിലുളള ഇന്ധനമാണ് ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയാനാണ് കളർകോഡഡ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത്. പെട്രോൾ, സി എൻ ജി എന്നീ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഇളം നീല നിറത്തിലുളള സ്റ്റിക്കറും ഡീസൽ വാഹനങ്ങളിൽ ഓറഞ്ച് നിറത്തിലുളള സ്റ്റിക്കറുമാണ് ഉപയോഗിക്കേണ്ടത്. 2019 ഏപ്രിലിന് ശേഷം രജിസ്റ്റർചെയ്ത വാഹനങ്ങളിൽ ഇവ രണ്ടും രജിസ്ട്രേഷൻ സമയത്തുതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഡീസൽവാഹനങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം സുപ്രീം കോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ അതോറിറ്റി (ഇ പി സി എ) ഡൽഹിയിലെ എല്ലാവാഹനങ്ങൾക്കും ഒക്ടോബറോടെ അതിസുരക്ഷാ നമ്പർപ്ളേറ്റുകളും കളർകോഡഡ് സ്റ്റിക്കറുകളും ഉണ്ടായിരിക്കണമെന്ന് കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു.
നിയമം നടപ്പാക്കുന്നതോടെ മുപ്പതുലക്ഷം വാഹനങ്ങളിലെങ്കിലും അതിസുരക്ഷാ നമ്പർപ്ളേറ്റുകളും കളർകോഡഡ് സ്റ്റിക്കറുകളും പതിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇവ ലഭിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആവശ്യമായ സമയം നൽകിയശേഷമേ നടപടിസ്വീകരിച്ചുതുടങ്ങൂ എന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |