കോട്ടയം : ജില്ലയിൽ 341 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. 338 ഉം സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതിൽ രണ്ടുപേർ മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. ആകെ 4171 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരിൽ 175 പേർ പുരുഷൻമാരും, 131 പേർ സ്ത്രീകളും, 35 പേർ കുട്ടികളുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 15 ശതമാനം 60 വയസിന് മുകളിലുള്ളവരാണ്. എലിക്കുളം : 32, കോട്ടയം : 31, കുമരകം : 18, ഈരാറ്റുപേട്ട : 16, അയ്മനം, ചെമ്പ്, ചങ്ങനാശേരി : 14 വീതം, തിരുവാർപ്പ് : 11, ഭരണങ്ങാനം,പാമ്പാടി : 10, കാണക്കാരി, മാടപ്പള്ളി : 9, കുറിച്ചി : 8, അതിരമ്പുഴ, പനച്ചിക്കാട്, വെച്ചൂർ : 7, നെടുംകുന്നം : 6 എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്. രോഗം ഭേദമായ 130 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 3008 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8562 പേർ രോഗബാധിതരായി. 5551 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19386 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
എലിക്കുളത്ത് ആശങ്ക
പൊൻകുന്നം : എലിക്കുളം ഗ്രാമപഞ്ചായത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 114 ആയി. 85 പേർ വിവിധ കേന്ദ്രങ്ങളിൽ ഇപ്പോൾ ചികിത്സയിലാണ്. ഏഴ്, എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. 29 തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ച മല്ലികശ്ശേരിയിലെ റബർ ഫാക്ടറിയിലെ ഒരു യൂണിറ്റിന്റെ പ്രവർത്തനം നിറുത്തിവച്ചു.അന്യ സംസ്ഥാനക്കാർ ഉൾപ്പെടെ നാനൂറിലേറെ തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ഇന്നലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി അദ്ധ്യക്ഷത വഹിച്ചു. വിവാഹ,മരണാനന്തര ചടങ്ങുകൾ, മറ്റ് ആൾക്കൂട്ടമുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെ വിവരങ്ങൾ പൊലീസ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, വില്ലേജ് ഓഫീസ്, പഞ്ചായത്തംഗങ്ങൾ എന്നിവരെ മുൻകൂട്ടി അറിയിക്കണം. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ രോഗികൾക്കായി കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |