യു.എ.ഇയിൽ ഒറ്റക്കളിപോലും ജയിച്ചിട്ടില്ലെന്ന നാണക്കേട് തീർത്താണ് കഴിഞ്ഞ രാത്രി മുംബയ് ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 49 റൺസിന് തോൽപ്പിച്ചത്.
2014 ലെ ഐ.പി.എല്ലിലെ കുറച്ച് മത്സരങ്ങൾ യു.എ.ഇയിലാണ് നടന്നത്. അന്ന് അവിടെ നടന്ന അഞ്ച് മത്സരങ്ങളിലും മുംബയ് തോറ്റിരുന്നു.
ഇത്തവണ ആദ്യ മത്സരത്തിൽ ചെന്നൈയോട് തോറ്റതോടെ മുംബയ്ക്ക് അറബി നാട് നിർഭാഗ്യവേദിയാണോ എന്ന് ആരാധകർ സംശയിച്ചിരുന്നു.
ചെന്നൈയോടുള്ള തോൽവിയുടെ നിരാശ മായ്ക്കാൻ നിലവിലെ ചാമ്പ്യന്മാർക്ക് കൊൽക്കത്തയ്ക്കെതിരെ വിജയം അനിവാര്യമായിരുന്നു.
നായകൻ രോഹിത് ശർമ്മയുടെ ഗംഭീരപ്രകടനമാണ് (54 പന്തുകളിൽ 80 റൺസ് )മുംബയ് വിജയത്തിന്റെ അടിത്തറയിട്ടത്.
ആദ്യം ബാറ്റ് ചെയ്ത മുംബയ് 195/5 എന്ന സ്കോർ ഉയർത്തിയപ്പോൾ കൊൽക്കത്ത 146/9ലെത്തിയതേയുള്ളൂ.
15.5 കോടി മുടക്കി സ്വന്തമാക്കിയ ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് മൂന്നോവറിൽ 49 റൺസ് വഴങ്ങിയത് കൊൽക്കത്തയ്ക്ക് നാണക്കേടായിട്ടുണ്ട്.
ആസ്ട്രേലിയയിൽ നിന്ന് എത്തി ക്വാറന്റൈൻ കഴിഞ്ഞ് പരിശീലനം കൂടാതെ ഇറങ്ങിയതിനാലാണ് കമ്മിൻസിന് മികവ് കാട്ടാൻ കഴിയാതിരുന്നതെന്ന് കൊൽക്കത്ത ടീം മാനേജ്മെന്റ് ന്യായീകരിക്കുന്നുണ്ട്.
യു.എ.എയിലെ കടുത്ത ചൂടും ഹ്യുമിഡിറ്റിയും കാരണം ദീർഘമായ ഇന്നിംഗ്സുകൾ കളിക്കാൻ വലിയ പ്രയാസമാണ്. ഈ കാലാവസഥയിൽ ബാറ്റ്സ്മാന്മാർ പെട്ടെന്ന് തളർന്നുപോകും.
- രോഹിത് ശർമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |