ആലപ്പുഴ: ആലപ്പുഴയോട് വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യത്തിന്. പിന്നെയും പിന്നെയും വരണമെന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. പക്ഷെ, അതൊരു സ്വപ്നം മാത്രമായി.
എസ്.പി.ബാലസുബ്രഹ്മണ്യം സ്വന്തമായി നിർമ്മിച്ച ചലച്ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ ആലപ്പുഴയിലെത്തിയപ്പോഴത്തെ അനുഭവങ്ങൾ അയവിറക്കുകയാണ്, അന്ന് ചിത്രത്തിന്റെ കേരളത്തിലെ നിർമ്മാണ ചുമതലയുണ്ടായിരുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എ.കബീർ.
തെലുങ്കിൽ 'ശുഭസങ്കല്പം' എന്ന പേരിലും തമിഴിൽ പാശമലൈ' എന്ന പേരിലും എസ്.പി. ബാലസുബ്രഹ്മണ്യവും സഹോദരി എസ്.പി.ശൈലജ, ഭർത്താവും നടനുമായ സുധാകറും ചേർന്ന് 1995 ൽ നിർമ്മിച്ച ചിത്രത്തിൽ കമലഹാസനും ആമിനിയും പ്രിയാരാമനുമായിരുന്നു പ്രധാന താരങ്ങൾ. രണ്ട് പാട്ട് സീനുകളും ഒരു ഫൈറ്റ് സീനുമാണ് ആലപ്പുഴയിൽ ചിത്രീകരിച്ചത്.കെ.വിശ്വനാഥനായിരുന്നു സംവിധായകൻ. എസ്.പിയും ഭാര്യ സാവിത്രിയുമുൾപ്പെടെയുള്ളവർ അന്ന് ആലപ്പുഴയിലെ ഏറ്റവും മുന്തിയ ഹോട്ടലായ പ്രിൻസിലാണ് താമസിച്ചത്.ചേർത്തല അന്ത്രപ്പേർ ഗാർഡൻസിലായിരുന്നു 15 ദിവസത്തെ ചിത്രീകരണം.
അന്ത്രപ്പേരുടെ ഭാര്യ തങ്കമ്മ അന്ത്രപ്പേരുമായി എസ്.പി കുടുംബം വലിയ സൗഹൃദത്തിലായി. കൈപ്പുണ്യത്തിൽ പേരുകേട്ട തങ്കമ്മ അന്ത്രപ്പേർ പാചക സിദ്ധിയിൽ എല്ലാവരെയും അമ്പരപ്പിച്ചു.മീൻ അച്ചാറാണ് കമലഹാസനെ വല്ലാതെ ആകർഷിച്ചത്. എസ്.പിയാണെങ്കിൽ തീർത്തും വെജിറ്റേറിയൻ.രണ്ട് ദിവസം മാത്രമാണ് എസ്.പി ആലപ്പുഴയിൽ ഉണ്ടായിരുന്നത്. അതുകഴിഞ്ഞ് അദ്ദേഹം പോയെങ്കിലും മറ്റു കുടുംബാംഗങ്ങളെല്ലാം ആലപ്പുഴയിൽ ഉണ്ടായിരുന്നു.
കൈനകരി വട്ടക്കായൽ ഭാഗത്താണ് ചിത്രത്തിലെ പ്രധാന സ്റ്റണ്ട് രംഗം ചിത്രീകരിച്ചത്.ഷൂട്ടിംഗ് കഴിഞ്ഞ് പോകാൻ തയ്യാറെടുക്കുമ്പോൾ കമലഹാസന് തങ്കമ്മ അന്ത്രപ്പേർ രണ്ട് കുപ്പി മീൻ അച്ചാർ സമ്മാനിച്ചു. അപ്പോൾ കമലിന് ഒരു ഡിമാൻഡ്, ഒരു കുപ്പി അച്ചാർ കൂടിവേണം, തലൈവർക്ക് (ശിവാജിഗണേശൻ) നൽകാൻ. അങ്ങനെ അന്ത്രപ്പേർ കുടുബത്തിന്റെ പാചകപ്പെരുമ തമിഴ്നാട്ടിലെത്താനും എസ്.പി നിമിത്തമായി. വീണ്ടും ഇവിടേക്കു വരണമെന്ന ആഗ്രഹം കബീറിനോട് പങ്കു വച്ചാണ് എസ്.പി അന്നു പോയത്. പക്ഷെ വഴിമദ്ധ്യേ തിരശീല വീണു, ആ ജീവിതത്തിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |