തൃശൂർ: ചേതന സംഗീത നാട്യ അക്കാഡമി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പുരസ്‌കാരം സ്വീകരിച്ച് തൃശൂരിലെ ആരാധകരോട് സ്‌നേഹവും സൗഹൃദവും പങ്കിട്ട് നിറഞ്ഞചിരിയോടെ യാത്ര പറഞ്ഞാണ് എസ്.പി ബാലസുബ്രഹ്മണ്യം മടങ്ങിയത്. കഴിഞ്ഞ നവംബർ 17 ന് നടന്ന ആ ചടങ്ങ് ഒരുപക്ഷേ, കേരളത്തിലെ അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടിയായിരിക്കാം. പക്ഷേ, തൃശൂരുകാരുടെ മനസിൽ എക്കാലവും നിറഞ്ഞുനിൽക്കുന്ന സ്മൃതിചിത്രമാണത്.
സംഗീതത്തിന് ഭാഷയില്ലാത്തതിനാൽ അത് എല്ലാവർക്കുമറിയുന്ന ഭാഷയിൽ നൽകാം എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. പ്രകൃതിസൗന്ദര്യം കൊണ്ട് മാത്രമല്ല മഹത്തായ സംസ്‌കാരം കൊണ്ടും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ദൈവത്തിന്റെ സ്വന്തം ഭാഷയായ മലയാളത്തിൽ സംസാരിക്കാനെനിക്കറിയില്ല എന്ന് പറഞ്ഞ് എസ്.പി. ബാലസുബ്രഹ്മണ്യം ഇംഗ്ലീഷിൽ പ്രസംഗിച്ചു തുടങ്ങിയതോടെ ആരാധകരും ഹർഷാരവത്തിലായി.
1995ൽ പുറത്തിറങ്ങിയ കർണാ എന്ന ചിത്രത്തിൽ എസ്. ജാനകിയോടൊപ്പം ആലപിച്ച 'മലരേ മൗനമാ മൗനമേ വേദമാ' എന്ന അനശ്വര ഗാനവും പാടി. ഗായിക മനീഷയാണ് അദ്ദേഹത്തോടൊപ്പം വേദിയിൽ പാടിയത്. ആ വരികളിൽ അലിഞ്ഞ് വികാരഭരിതയായി പാടിയ മനീഷ ഗംഭീരമായി തന്നെ പാട്ട് പൂർത്തിയാക്കി. മനീഷയുടെ പാട്ട് ഏറെ ഇഷ്ടപ്പെട്ട എസ്.പി.ബി അവരെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. ഇതിനിടയിൽ സന്തോഷത്തോടെ കരഞ്ഞു പോയ മനീഷയുടെ കണ്ണുകൾ എസ്.പി.ബി തന്നെ തുടച്ചു കൊടുക്കുന്ന കാഴ്ചയും കാണികൾക്ക് മറക്കാനാവില്ല. ഇരുവരും പാടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മന്ത്രി വി.എസ്. സുനിൽ കുമാറിൽ നിന്നായിരുന്നു ഒരു ലക്ഷം രൂപ അടങ്ങുന്ന പുരസ്‌കാരം സ്വീകരിച്ചത്. ശബ്ദസംവിധായകൻ റസൂൽ പൂക്കുട്ടിയും അന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. വിളക്കുകളിൽ വെളിച്ചം തെളിച്ച് റസൂൽ പൂക്കുട്ടിക്കൊപ്പം അദ്ദേഹം വേദിയിൽ നിറഞ്ഞുനിന്നു.
സംഗീത സംവിധായകരായ ജെറി അമൽദേവ്, ഔസേപ്പച്ചൻ, വിദ്യാധരൻ, സിനിമാ താരങ്ങളായ ജയരാജ് വാര്യർ, സുനിൽ സുഖദ, എഴുത്തുകാരായ എം.ഡി രാജേന്ദ്രൻ, സി.എൽ ജോസ്, ചേതന സാരഥികളായ ഫാ. പോൾ പൂവ്വത്തിങ്കൽ, ഫാ. തോമസ് ചക്കാലമറ്റത്ത് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങ് അദ്ദേഹത്തിന് സാംസ്‌കാരിക തലസ്ഥാനം നൽകിയ സമർപ്പണമായിരുന്നു.
"സ്വരശുദ്ധി മാധുര്യം കൊണ്ട് ലോകം മുഴുവൻ കീഴടക്കുമ്പോഴും എളിമയും ലാളിത്യവും കുലീനമായ പെരുമാറ്റവും കൊണ്ട് സംഗീത ചക്രവർത്തിയായി അദ്ദേഹം നിലകൊണ്ടു
ടി.എൻ പ്രതാപൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |