ജനീവ: കൊവിഡ് വാക്‌സിൻ വികസിപ്പിച്ച് ലോകമെമ്പാടും വിതരണം ചെയ്യുന്നതിന് മുമ്പ് വൈറസ് ബാധിച്ച് 20 ലക്ഷം പേർ മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മഹാമാരി നിയന്ത്രിക്കാൻ ഫലപ്രദമായ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ മരണസംഖ്യ ഇതിലും ഉയരുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകി.
'ഇത് വെറും സങ്കൽപ്പമല്ല, നാം ഇതെല്ലാം ചെയ്താലും ഇത് സംഭവിക്കാൻ വളരെ സാദ്ധ്യതയുണ്ട്." - ലോകാരോഗ്യ സംഘടനയുടെ എമർജൻസി പ്രോഗ്രാം മേധാവി മൈക്ക് ജെ.റയാൻ വെള്ളിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ലോക രാഷ്ട്രങ്ങൾ മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പത്ത് ലക്ഷത്തോളം പേർ കൂടി കൊവിഡിന് ഇരയാകുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
'ലോകത്ത് 20 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിക്കുന്നുവെന്നത് നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത കാര്യമാണ്. എന്നാൽ, കൂട്ടായ പ്രവർത്തനമില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലേക്ക് നീങ്ങുമെന്നും ഇത് വളരെ നിർഭാഗ്യകരമായ കാര്യമാണെന്നും" റയാൻ പറഞ്ഞു.
അതേസമയം, കുറഞ്ഞ ചെലവിലും വേഗത്തിലും ലോകത്ത് വാക്സിൻ വിതരണം നടപ്പാക്കാനായുള്ള കൊവാക്സ് പദ്ധതിയിൽ ചൈനയുടെ സഹകരണം സംബന്ധിച്ച ചർച്ച തുടരുകയാണെന്നാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയിൽ അംഗത്വമില്ലെങ്കിലും തായ്‍വാൻ ഇതിനോടകം പദ്ധതിയിൽ ഒപ്പിട്ടതായും ഇതുവരെ 159 രാജ്യങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചതായും ഡബ്ല്യു.എച്ച്.ഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 34 രാജ്യങ്ങൾ ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല.
വാക്സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ ഉപയോഗിക്കുന്നത് വിലയിരുത്താനുള്ള കരട് നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചതായും ഒക്ടോബർ 8 വരെ കരടിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്നും സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടർ മാരിയേഞ്ചല സിമാവോ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |