ന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ കാശ്‌മീർ പ്രശ്നം ഉന്നയിച്ച്, ഇന്ത്യയ്ക്കും നരേന്ദ്ര മോദി സർക്കാരിനുമെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിദ്വേഷ പ്രസംഗം നടത്തിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി. റെക്കാർഡ് ചെയ്‌ത ഇമ്രാന്റെ പ്രസംഗം പ്രദർശിപ്പിക്കുമ്പോൾ ഇറങ്ങിപ്പോയ ഇന്ത്യൻ പ്രതിനിധി മിജിതോ വിനിതോ, പിന്നീട് തീപ്പൊരി പ്രസംഗത്തിൽ ഇമ്രാൻ ഖാന് ചുട്ട മറുപടി നൽകി.
ഏഴ് പതിറ്റാണ്ടിലെ പാകിസ്ഥാന്റെ നേട്ടങ്ങൾ ഭീകരപ്രവർത്തനവും വംശഹത്യയും ഭൂരിപക്ഷ മതഭീകരതയും ആണവായുധങ്ങളുടെ രഹസ്യക്കച്ചവടവും മാത്രമാണെന്ന് മിജിതോ തിരിച്ചടിച്ചു. കാശ്‌മീരിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ ഒഴിയണമെന്നും ആവശ്യപ്പെട്ടു.
ലോകത്തെ കാട്ടാൻ ഒരു നേട്ടവുമില്ലാത്ത, യുക്തിഭദ്രമായ ഒരു നിർദ്ദേശവും നൽകാനില്ലാത്ത ഒരാളുടെ രോഷപ്രകടനമാണിത്. നുണകളും തെറ്റായ വിവരങ്ങളും യുദ്ധക്കൊതിയും വിദ്വേഷവും ഈ സഭയിലൂടെ പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്. യു.എൻ വിലക്കിയ ഭീകരരെ പാർപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ. ഭീകരർക്ക് പാക് സർക്കാർ പെൻഷൻ കൊടുക്കുന്നു. ഭീകരൻ ബിൻലാദൻ രക്തസാക്ഷിയാണെന്ന് പാക് പാർലമെന്റിൽ പറഞ്ഞ നേതാവാണ് ഇമ്രാൻ. സ്വന്തം ജനങ്ങളെ (ബംഗ്ലാദേശിൽ) കൊന്നൊടുക്കി 39 വർഷം മുമ്പ് ദക്ഷിണേഷ്യയിൽ ആദ്യമായി വംശഹത്യ നടത്തിയത് പാകിസ്ഥാനാണ്. തന്റെ രാജ്യത്ത് 30,000 - 40,000 ഭീകരരുണ്ടെന്ന് ഇമ്രാൻ കഴിഞ്ഞ വർഷം അമേരിക്കയിൽ പരസ്യമായി സമ്മതിച്ചതാണ്. പാകിസ്ഥാൻ പരിശീലിപ്പിക്കുന്ന ഈ ഭീകരരാണ് കാശ്മീരിലും അഫ്ഗാനിസ്ഥാനിലും ആക്രമണങ്ങൾ നടത്തുന്നത്. സ്വന്തം രാജ്യത്തെ ഹിന്ദു, ക്രിസ്‌ത്യൻ, സിക്ക് ന്യൂനപക്ഷങ്ങളെ മതനിന്ദാ നിയമവും നിർബന്ധിത പരിവർത്തനവും മറ്റ് ക്രൂര മാർഗങ്ങളും ഉപയോഗിച്ച് ഇല്ലാതാക്കുന്നു. മുസ്ലീങ്ങളുടെ രക്ഷകൻ എന്ന് അവകാശപ്പെടുന്ന നേതാവ് ഒരു വിഭാഗം മുസ്ലീങ്ങളെ ഭീകരാക്രമണങ്ങളിലൂടെയു മറ്റും കൊന്നൊടുക്കുന്നു.
ജമ്മു കാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അവിടത്തെ നിയമനിർമ്മാണങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. കാശ്‌മീരിന്റെ ചില ഭാഗങ്ങൾ പാകിസ്ഥാൻ കൈയടക്കിയതിൽ മാത്രമാണ് തർക്കം. ആ പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ ഒഴിയണം - മിജിതോ പ്രഖ്യാപിച്ചു. യു.എൻ ചർച്ചയിൽ ഓൺലൈനിലാണ് രാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്നത്.
മിജിതോ 2010 ബാച്ച്
പാക്കിസ്ഥാന് തക്ക മറുപടി നൽകുമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി പ്രതികരിച്ചതിന് പിന്നാലെയാണ് മിജിതോയുടെ തീപ്പൊരി പ്രസംഗം. 2010 ഐ.എഫ്.എസ് ബാച്ചിലെ മിജിതോ, ജൂനിയറായ നയതന്ത്രപ്രതിനിധിയാണ്. സ്വദേശം നാഗാലാൻഡ്.
ഇമ്രാന്റെ ആരോപണം
ലോകത്ത് ഇസ്ളാമോഫോബിയ സ്പോൺസർ ചെയ്യുന്ന ഒരേയൊരു ഗവൺമെന്റ് ഇന്ത്യയിലേതാണ്. ദൗർഭാഗ്യവശാൽ ആർ.എസ്.എസ് ആശയങ്ങളാണ് ഭരണത്തിലുള്ളത്. ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമാണെന്ന് അവർ വിശ്വസിക്കുന്നു. മുസ്ളീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ തുല്യരായി കണക്കാക്കുന്നില്ല. അവിടത്തെ ഹിന്ദു ദേശീയതാ സർക്കാർ മുസ്ളിങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവും സ്പോൺസർ ചെയ്യുന്നു.
രക്ഷാസമിതിയിൽ നിന്ന് ഇന്ത്യയെ എത്രകാലം മാറ്റി നിറുത്തും: മോദി
ന്യൂഡൽഹി:ഐക്യരാഷ്ട്ര സഭയിൽ കാലോചിത മാറ്റങ്ങൾക്ക് സമയം അതിക്രമിച്ചെന്നും ലോകത്ത് നിർണായക ശക്തിയായ ഇന്ത്യയ്ക്ക് രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നൽകാൻ വൈകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ന്യൂയോർക്കിൽ യു. എൻ ജനറൽ അസംബ്ളിയുടെ 75-ാം യോഗത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു. എന്നിന്റെ സ്ഥാപക രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ 130 കോടി ജനങ്ങൾ ഐക്യരാഷ്ട്ര സഭയിലെ പരിഷ്കാരങ്ങൾ കാത്തിരിക്കുന്നു. യുക്തിപൂർവമായ പരിഷ്കാരങ്ങൾ നടക്കുമോയെന്ന് ഇന്ത്യക്കാർക്ക് ആശങ്കയുണ്ട്. എത്രകാലം ഇന്ത്യയെ ഐക്യരാഷ്ട്രസഭയുടെ തീരുമാനങ്ങളെടുക്കുന്ന ഉന്നതസമിതിയിൽ നിന്ന് അകറ്റി നിറുത്തും. ലോകത്തെ 18ശതമാനം ജനങ്ങളും അനേകം സംസ്കാരങ്ങളും ഭാഷകളും വിചാരധാരകളുള്ള ഇന്ത്യ അനേക വർഷത്തെ വിദേശ ആധിപത്യം അതിജീവിച്ച രാജ്യമാണ്.
ശക്തമായിരുന്നപ്പോൾ ലോകത്തെ ബുദ്ധിമുട്ടിച്ചില്ല. ദൗർബല്യങ്ങളുള്ളപ്പോൾ മറ്റുള്ളവർക്ക് ബാദ്ധ്യതയുമായിട്ടില്ല. ലോകത്തെ മാറ്റിമറിക്കുന്ന പരിവർത്തനങ്ങൾ നടക്കുന്ന ഇന്ത്യയ്ക്ക് ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരും. ഒരു രാജ്യത്തോടുള്ള ഇന്ത്യയുടെ സൗഹൃദം മറ്റൊരു രാജ്യത്തിനെതിരല്ലെന്നും അമേരിക്കയെയും ചൈനയെയും പേരെടുത്തു പറയാതെ മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |